വൈപ്പിൻ: മുളവുകാട് വില്ലേജ് ഓഫീസിന് ചുറ്റുമതിൽ നിർമ്മിക്കാൻ സർക്കാർ പത്തുലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച് റവന്യൂ മന്ത്രി കെ. രാജൻ ഉത്തരവിറക്കിയതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. നാൽപത് വർഷത്തെ പഴക്കമുള്ള ഓഫീസ് കെട്ടിടം വഴിയമ്പലത്തിന് സമാനമായി മാറാതിരിക്കാൻ എം.എൽ.എയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്.
പൊന്നാരിമംഗലം, പോഞ്ഞിക്കര, വല്ലാർപാടം, പനമ്പുകാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിനുപേർ ദിവസേന ഈ ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. ഓഫീസ് വളപ്പ് തെരുവുനായ്ക്കൾ ഉൾപ്പെടെ താവളമാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എം.എൽ.എ ഇടപ്പെട്ടത്.
പദ്ധതി യഥാസമയം യാഥാർത്ഥ്യമാക്കുന്നതിന് എം.എൽ.എയുടെ മേൽനോട്ടവും നിരന്തരഇടപെടലും ഉണ്ടാവണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്.