കൊച്ചി: മഹാരാജാസ് കോളേജിലെ മരംവെട്ടി​ കടത്തി​യ സംഭവത്തി​ൽ പ്രിൻസിപ്പൽ ഡോ. മാത്യു ജോർജ് അവധിയിൽ പ്രവേശിച്ചു.

നടപടി​ ആവശ്യപ്പെട്ട് പ്രിൻസിപ്പലി​നെയും​ ഗവേണിംഗ് കൗൺസിൽ അംഗങ്ങളെയും വിദ്യാർത്ഥികൾ ഇന്നലെ തടഞ്ഞുവച്ചിരുന്നു. തുടർന്നാണ് പ്രി​ൻസി​പ്പൽ അവധിയിൽ പോകുകയാണെന്ന് അറിയിച്ചത്. പ്രിൻസിപ്പൽ ജില്ലാ കളക്ടർക്കും കൊച്ചി സിറ്റി പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം ആരംഭി​ച്ചി​ട്ടുണ്ട്. കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ എൻ.രമാകാന്തൻ ഉന്നതവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ പരാതിയിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങൾ പ്രായമുള്ള മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടോ, ഇതിന് അനുമതി നൽകിയത് ആരാണ്, പണം കൈപ്പറ്റിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രാഥമികമായി തേടുന്നത്.

മരം കാക്കനാട് സ്വദേശിക്ക് കൈമാറാൻ പ്രിൻസിപ്പലാണ് നിർദ്ദേശം നൽകിയതെന്ന് കോളേജ് സൂപ്രണ്ട് പറയുന്ന ശബ്ദസന്ദേശവും കൂടുതൽ മരം മുറിച്ചതിന്റെ ദൃശ്യങ്ങളും വിദ്യാർത്ഥികൾക്ക് ലഭിച്ചു. ജല അതോറിട്ടിയുടെ മദ്ധ്യമേഖലാ ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീണ കൂറ്റൻ മരവും ഇതോടൊപ്പം മുറിച്ച മറ്റുമരങ്ങളും ലേലം ചെയ്യാതെ കടത്തിയെന്നാണ് ആരോപണം.

ഞാൻ കുരുക്കിലായി

മഹാരാജാസ് കോളേജിൽ നിന്ന് മരങ്ങൾ കടത്തിയിട്ടില്ലെന്ന് കാക്കനാട് സ്വദേശിയായ മരവ്യാപാരി സോമൻ കേരളകൗമുദിയോട് പറഞ്ഞു. അവിടെയുണ്ടായിരുന്ന വിറക് കൊണ്ടുവരാനാണ് വണ്ടി അയച്ചത്. വണ്ടിയിലുള്ളതും വിറകിനായുള്ള മരമാണ്. അതാണ് വിദ്യാ‌ർത്ഥികൾ പിടിച്ചിട്ടിരിക്കുന്നത്. പ്രതിദിനം 4000 രൂപ വണ്ടിവാടക നൽകണം. ടയറുകൾ കുത്തിപ്പൊട്ടിച്ചിട്ടുണ്ടെന്നും സോമൻ പറഞ്ഞു. നാല് ലോഡ് മരം കടത്തിയെന്നാണ് വിദ്യാ‌ർത്ഥികളുടെ ആരോപണം.

വിശദമായ അന്വേഷണം വേണം
മഹാരാജാസ് കോളേജിൽ നിന്ന് മരങ്ങൾ കടത്തി​യ സംഭവത്തി​ൽ വി​ശദമായ അന്വേഷണം വേണം. പ്രിൻസിപ്പൽ അറിയാതെ മരങ്ങൾ പുറത്തേക്ക് പോകുന്നവെന്നത് ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നത് കൊണ്ടാണ്.
കെ.എസ്. രാധാകൃഷ്ണൻ
മുൻ വി.സി, സംസ്‌കൃത സർവകലാശാല, കാലടി

കൂടുതൽ കടത്ത് സംശയിക്കുന്നു

മരം മുറിച്ചുകടത്തലുമായി ബന്ധപ്പെട്ട് ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം സംഭവദിവസം തന്നെ ഉന്നതവിദ്യഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇപ്പോൾ മുറിച്ചു നീക്കിയിട്ടുള്ളത് ശിഖരങ്ങൾ മാത്രമാണ്. നാല് ലോഡ് മരമെങ്കിലും കടത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.

എൻ.രമാകാന്തൻ

ഗവേണിംഗ് ബോ‌ർഡ് ചെയ‌ർമാൻ

അത് മോഷണം തന്നെ

മരം മുറിച്ചത് തന്റെ അറിവോടെയല്ല. സെൻട്രൽ സ്‌റ്റേഷനി​ലേക്ക് ഞായറാഴ്ച തന്നെ ഇമെയിൽ മുഖാന്തിരം പരാതി നൽകിയിട്ടുണ്ട്. കോളേജിൽ നിന്ന് മരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് മോഷണം തന്നെയാണ്.
ഡോ. മാത്യു ജോർജ്ജ്
പ്രിൻസിപ്പൽ