വൈപ്പിൻ:നായരമ്പലം കൊച്ചമ്പലത്തിന് പടിഞ്ഞാറ് വീട്ടിൽ പാർക്ക് ചെയ്തിട്ടിരുന്ന രണ്ട് ഗുഡ്‌സ് ഓട്ടോകൾ മോഷ്ടിച്ചുകൊണ്ട് പോകുവാൻ ശ്രമം. വെള്ളാശേരി മനോജ്, സുരേഷ് എന്നിവരുടെ വണ്ടികളാണ് വീട്ടിൽനിന്ന് കടത്തിയത്. ശനിയാഴ്ച പുലർച്ചെ 2.30 നും 4.30നും ഇടക്കാണ് സംഭവം. വണ്ടികൾ രണ്ടും വീട്ടിൽനിന്ന് കടത്തി കൊണ്ടുപോയി വഴിയിലാക്കിയതിന് ശേഷം ചില്ല് തകർത്ത അകത്ത് കയറിയെങ്കിലും വണ്ടികൾ സ്റ്റാർട്ടാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. ഞാറക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.