മട്ടാഞ്ചേരി: സി.എസ്.എം.എൽ നിർമ്മാണ പ്രവൃത്തികളിലുണ്ടാകുന്ന മെല്ലെപ്പോക്ക് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലെ ടൂറിസത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇതിൽ അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൂറിസം അഡീഷണൽ സെക്രട്ടറി ഡോ. എസ്. വേണുവിന് നിവേദനം നൽകി. സി.എസ്‌.എം.എൽ നടത്തുന്ന റോഡുകളുടേയും ഓടകളുടേയും നിർമ്മാണപ്രവൃത്തികൾ ഇഴഞ്ഞ് നീങ്ങുകയാണ്. ഇതിനാൽ റോഡുകൾ പലതും തകർന്നുകിടക്കുന്ന സാഹചര്യമാണ്. റോഡിലെ കുഴികളിലും മറ്റും വീണ് അപകടങ്ങളും പതിവായി.

ഫോർട്ടുകൊച്ചി കടപ്പുറം, ചീനവല എന്നിവയും മോശം സാഹചര്യത്തിലാണ്. ഫോർട്ടുകൊച്ചിയിൽ സി.എസ്.എം.എൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്വീവേജ് പ്ളാന്റ് വരുന്നയിടത്ത് താലൂക്ക് ആശുപത്രി, മൂന്ന് സ്കൂളുകൾ, കൊച്ചി ബിനാലെ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. പ്ളാന്റ് ടൂറിസത്തേയും ജനജീവിതത്തേയും കാര്യമായി ബാധിക്കും. ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്ന നൂറ് കണക്കിനാളുകളുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും അതിനാൽ ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അഡീഷണൽ സെക്രട്ടറി ഉറപ്പ് നൽകിയതായി ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ പറഞ്ഞു. സി.എസ്.എം.എൽ ഡയറക്ടർ എസ് .ഷാനവാസിനേയും നിവേദകസംഘം കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കെ.എം. റഹീം, ഷൈനി മാത്യു, എ.എം അയൂബ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.