കൊച്ചി: പ്രളയം തകർത്ത വീടിന്റെ അവശിഷ്ടങ്ങൾക്കൊണ്ട് നിർമ്മിച്ച കൂരയ്ക്കുള്ളിൽ ആറുപേരെയുംകൊണ്ട് ദുരിതജീവിതം നയിക്കുകയാണ് ഉദയംപേരൂർ സ്വദേശി പുല്ലുകാട്ട് വീട്ടിൽ പി.കെ. ശിവദാസൻ. 2018ലെ പ്രളയത്തിലാണ് വീട് തകർച്ചയിലായത്. ദുരിതാശ്വാസ ക്യാമ്പിലേക്കും അവിടെനിന്ന് ബന്ധുവീട്ടിലേക്കും മാറി.
അപകടാവസ്ഥയിലയ മൂന്നുമുറിവീട് പിന്നീട് പൊളിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾകൊണ്ട് നിർമ്മിച്ച കൂരയിലാണിപ്പോൾ താമസം. ഭാര്യയും രണ്ടു മക്കളും അമ്മയും ചേച്ചിയും ഭർത്താവുമാണ് ശിവദാസനൊപ്പമുള്ളത്.
ജോലിക്ക് പോകുന്നത് 47കാരനായ ശിവദാസൻ മാത്രം. ഭാര്യ ബീനയും ശിവദാസന്റെ ചേച്ചിയുടെ ഭർത്താവും വൃക്കരോഗികളാണ്. ചികിത്സയ്ക്കും മരുന്നിനുമായി ആഴ്ചയിൽ 4,500 രൂപയിലധികം വേണം. മത്സ്യബന്ധനത്തൊഴിലാളിയായ ശിവദാസിന് ഇത് താങ്ങാവുന്നതിനുമപ്പുറമാണ്. ബന്ധുക്കളുടെയും സുമനസുകളുടെയും സഹായംകൊണ്ടാണ് ഇത്രയുംനാൾ മുന്നോട്ടുപോയത്. രണ്ടിലും നാലിലും പഠിക്കുന്ന മക്കളുടെ പഠനംപോലും പ്രതിസന്ധിയിലാകുമെന്ന അവസ്ഥയാണിപ്പോൾ.
വീടിനായി പലവട്ടം പഞ്ചായത്തിലും വില്ലേജിലും കയറിയിങ്ങി. മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഉദയംപേരൂർ വെട്ടിക്കാവ് പള്ളിയുടെ അടുത്തുള്ള ഫിഷറീസ് ആശുപത്രിക്ക് സമീപമാണ് ഇവരുടെ വീട്. ശക്തമായ മഴയത്ത് പുരയിടമാകെ വെള്ളക്കെട്ടാകും. ഇപ്പോഴത്തെ താത്കാലിക കൂരയ്ക്കുള്ളിലേക്ക് വെള്ളമെത്തും.
ഇനി ആരെ സമീപിക്കണമെന്നറിയില്ല. ഒറ്റുമുറി കൂരയ്ക്കുള്ളിൽ രോഗികളെയും കൊണ്ട് ജീവിക്കുകയാണ്. വേറെ ഒരു മാർഗവും മുന്നിലില്ല.
ശിവദാസൻ പി.കെ