muneer
കൊറിയറിൽ പാഴ്‌സൽ എത്തിച്ച് വാങ്ങാനെത്തി അറസ്റ്റിലായ അർഷാദ്, മുഹമ്മദ് മുനീർ എന്നിവർ

പെരുമ്പാവൂർ: പെരുമ്പാവൂർ കുന്നുവഴിയിൽ കൊറിയറിൽ എത്തിയ 31 കിലോ കഞ്ചാവ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടി. പാഴ്‌സൽ കൈപ്പറ്റാൻ എത്തിയ കോതമംഗലം തങ്കളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ (27), മാറമ്പിള്ളി എം.ഇ.എസ് കോളേജ് റോഡിൽ പത്തനായത്ത് വീട്ടിൽ അർഷാദ് (35) എന്നിവർ അറസ്റ്റിലായി. ആന്ധ്രാപ്രദേശിൽ നിന്നാണ് മൂന്നു പാഴ്‌സലുകളായി കഞ്ചാവ് എത്തിയത്. ഇതു സംബന്ധിച്ച് എസ്.പിക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.

നേരത്തേ അങ്കമാലിയിൽ നിന്ന് 105 കിലോയും ആവോലിയിലെ വാടക വീട്ടിൽ നിന്ന് 35 കിലോയും കഞ്ചാവ് റൂറൽ പൊലീസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നതാണ്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സക്കറിയാ മാത്യു, ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സ് അംഗങ്ങൾ, പെരുമ്പാവൂർ പൊലീസ് എന്നിവർ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.