1

തൃക്കാക്കര: ജില്ലാ ആസ്ഥാനമായ കാക്കനാട് തെരുവോര കച്ചവട മാഫിയ പിടിമുറുക്കുന്നു. ഉദ്യോഗസ്ഥരെയും,രാഷ്ട്രീയക്കാരെയും സ്വാധീനിക്കുന്ന സംഘം കാക്കനാടിന്റെ പലയിടങ്ങളിലായി ഷെഡ്ഡുകൾ കെട്ടി വാടകയ്ക്ക് കൊടുക്കുന്നുണ്ട്. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം നടത്തുന്നവരുമുണ്ട്. കാക്കനാട് കളക്ടറേറ്റിന്റെ കിഴക്ക് വശം കാക്കനാട് തൃപ്പുണിത്തുറ റോഡിന്റെ കാൽനട പാതകളെല്ലാം കൈയേറിയിട്ടുണ്ട്. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഗാന്ധി സ്‌ക്വയർ ജംഗ്ഷനിലും സീ- പോർട്ട് എയർ പോർട്ട് റോഡിൽ സഹകരണ ആശുപത്രി പരിസരം, ഓലിമുകൾ പള്ളിക്ക് സമീപം,സൺറൈസ് ആശുപത്രി പരിസരം,ചെമ്പുമുക്ക് പാലം മുതൽ വാഴക്കാല വരെ റോഡിന് ഇടതുവശമെല്ലാം ഇന്ന് കൈയേറ്റക്കാർ പിടിച്ചടക്കിയിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് ദുരന്തനിവാരണ സ്‌ക്വാഡും നഗരസഭാ ആരോഗ്യ വിഭാഗവും ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് അനധികൃത തെരുവോര കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും ഈ സംഘം പിന്നെയും നിരത്തുകൾ കൈയ്യടക്കി. പരാതി ഉയർന്നാൽ ഉദ്യോഗസ്ഥരെയും,രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പരാതി മുക്കുകയാണ് പതിവ്. ഇത്തരം കൈയേറ്റങ്ങൾ നിയന്ദ്രിക്കാൻ നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

 തെരുവോര കച്ചവട ലിസ്റ്റിൽ അനർഹർ

തെരുവോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി തൃക്കാക്കരനഗരസഭ തയ്യാറാക്കിയ സർവേലിസ്റ്റിൽ അനർഹർ കടന്നു കൂടുന്നു. നഗരസഭപരിധിയിൽ സ്ഥിരതാമസക്കാരും മറ്റ് ജോലികൾ ചെയ്യാൻ സാധിക്കാത്തവരുമായവർക്ക് ഉപജീവനത്തിന് സഹായമെന്ന നിലയ്ക്കാണ് തിരിച്ചറിയൽകാർഡ് നൽകാൻ തീരുമാനിച്ചത്. അന്യസംസ്ഥാനക്കാർ, ജില്ലയ്ക്ക് പുറത്തുളളവർ, കൗൺസിലർമാരുടെ ബിനാമികൾ എന്നിവരാണ് ലിസ്റ്റിൽ കൂടുതലായും കടന്നു കൂടിയെന്നാണ് ആക്ഷേപം.

 നഗരസഭ പ്രസിദ്ധീകരിച്ച തെരുവോര കച്ചവടക്കാരുടെ ലിസ്റ്റിൽ അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം.അർഹമായവർക്ക് പുനരധിവാസം ഒരുക്കാൻ നഗരസഭ മുൻകൈയെടുക്കണം.തോന്നിയ സ്ഥലങ്ങളിൽ കച്ചവടം നടത്താമെന്ന അവസ്ഥ മാറണം.വ്യാപാരി വ്യവസായി ഏകോപന സമതി രേഖാമൂലം പരാതി നൽകിയിരുന്നതാണ്,

ദയാനന്ദൻ
വ്യാപാരി വ്യവസായി ഏകോപന സമതി കാക്കനാട്
യൂണിറ്റ് ജന.സെക്രട്ടറി