പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ കല്ലിക്കുടി - പുന്നലം വലിയപാറ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ കാൽനടക്കാർക്ക് പോലും യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കുറിച്ചിലക്കോട് നിന്ന് കല്ലിക്കുടി പുന്നലം വലിയപാറ വഴി വേങ്ങൂർ, മീമ്പാറ എന്നീ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന വഴിയാണ് തകർന്നു കിടക്കുന്നത്. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കുഴികളുടെ ആഴം മനസിലാക്കാതെ നിരവധി വാഹനങ്ങൾ ഈ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിരന്തര സംഭവമായി മാറിയിരിക്കുന്നു. പാറമടകളിൽ നിന്നും ക്രഷറുകളിൽ നിന്നും ദിനംപ്രതി വലിയ ഭാരവാഹനങ്ങൾ കടന്നു പോകുന്ന വഴിയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റോഡിലെ കുഴിയിൽ വാഴ നട്ടു പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് കെ.വി.ശിവൻ, എൽദോസ് കളരിക്കപ്പറമ്പിൽ, അനു വെള്ളാട്ടുക്കുടി, ജോയി പറക്കുന്നത്തുകുടി, ബിജു മൂഴിക്കൽ എന്നിവർ നേതൃത്വം നൽകി.
കല്ലിക്കുടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് റോഡിന്റെ നവീകരണത്തിന് ആദ്യ ഘട്ടമായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപ അനുവദിക്കുകയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ അറിയിച്ചു. എസ്റ്റിമേറ്റ് തയ്യാറാകുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ ഉടൻ പൂർത്തീയാക്കി റോഡ് നവീകരണം ഉടൻ ആരംഭിക്കുമെന്നും മനോജ് മൂത്തേടൻ അറിയിച്ചു.