
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ശബ്ദസാമ്പിളുകളിൽ വിശദ പരിശോധന ആരംഭിച്ചു. പരാതിക്കാർ സമർപ്പിച്ച തെളിവുകളും ഇയാളുടെ പക്കലിൽനിന്ന് കണ്ടെടുത്ത ഡിജിറ്റൽ രേഖകളും ഒന്നാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണിത്. അറസ്റ്റിന് ശേഷം മോൻസണെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇയാളുമായി പരാതിക്കാർ സംസാരിച്ച ഫോൺ റെക്കാർഡുകളിൽ പണം വാങ്ങിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന വിവരം.
നാല് കേസുകളിൽ ചോദ്യം ചെയ്യൽ പൂർത്തിയായി. ശില്പി സുരേഷ് നൽകിയ പരാതിയിലാണ് ഇനി ചോദ്യം ചെയ്യൽ നടക്കുക. ഇതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. മോൻസണിന്റെ സാമ്പത്തിക ഇടപാടുകളിൽ തെളിവുതേടി ഊർജിത അന്വേഷണമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് നടത്തുന്നത്.മോൻസൺ ഒറ്റക്ക് ഇത്രയും തക തട്ടിയെടുത്തെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.
കുട പിടിച്ചവരും കുടുങ്ങും
തട്ടിപ്പുകാരനെ ഏതെങ്കിലും നിലയിൽ സഹായിച്ചവർക്കും ഇടനിലക്കാർക്കുമെതിരെ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഉന്നതരടക്കം പ്രതിപ്പട്ടികയിൽ എത്തുമെന്ന് ഉറപ്പായി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ മോൻസണെ കൈയയച്ച് സഹായിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ അക്കമിട്ട് പറയുന്നുണ്ട്.
മോൻസൺവീണ്ടും ജാമ്യാപേക്ഷ നൽകി
കൊച്ചി: പുരാവസ്തുക്കൾ വിറ്റ വകയിൽ പണം കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ച് പത്തു കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതിയായ മോൻസൺ മാവുങ്കൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ ജാമ്യാപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി തള്ളിയിരുന്നു.
അതേസമയം പുരാവസ്തുക്കളെന്ന പേരിൽ തട്ടിപ്പു നടത്താനുപയോഗിച്ച ശില്പങ്ങൾ നിർമ്മിച്ചു നൽകിയ സുരേഷിനെ കബളിപ്പിച്ച കേസിൽ മോൻസണിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് പുതിയ അപേക്ഷ നൽകി. ശില്പങ്ങൾ നിർമ്മിച്ചു നൽകാൻ 70 ലക്ഷം രൂപയുടെ കരാറുണ്ടാക്കിയിരുന്നെങ്കിലും ഏഴു ലക്ഷം രൂപ മാത്രമാണ് നൽകിയതെന്നാണ് സുരേഷിന്റെ പരാതി.