കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ 'ടീച്ചർ' എന്നറിയപ്പെടുന്ന സുസ്മിത ഫിലിപ്പുമായി അടുപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി എക്‌സൈസ് ക്രൈംബ്രാഞ്ച്. സുസ്മിതയെ നിരന്തരം ബന്ധപ്പെട്ടതായി സംശയിക്കുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. ടീച്ചറുമായി മയക്കുമരുന്ന് ഇടപാട് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സുസ്മിത ഫിലിപ്പിനൊപ്പം എം.ജി. റോഡിലെ ഹോട്ടലിൽ താമസിച്ച ഷമീർ റാവുത്തർ ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായില്ല. ഹോട്ടലിൽ പ്രതികൾ റേവ് പാർട്ടി നടത്തിയതായി സംശയിക്കുന്നതിനാലാണ് ഷമീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചത്. ഇയാളുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.