accident
ലോറിയുടെ കാബിനിൽ കമ്പി തുളച്ചുകയറിയ നിലയിൽ

ആലുവ: മൂവാറ്റുപുഴയ്ക്ക് കമ്പിയുമായി പോകുകയായിരുന്ന ട്രെയിലർ ലോറിയിലെ കമ്പി അതേലോറിയുടെ കാബിനിലേക്ക് തുളച്ചുകയറി. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരി ആനിക്കാട് കവലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ലോറിയുടെ മുമ്പിൽ പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ലോറിയുടെ ഡ്രൈവറും ബ്രേക്കിട്ടതിനെത്തുടർന്ന് വലിയ കമ്പികളുമായി പോകുകയായിരുന്ന ലോറിയിലെ കമ്പി മുഴുവൻ അതേ ലോറിയുടെ കാബിനിലേക്ക് തുളഞ്ഞ് കയറുകയായിരുന്നു. ഇതേത്തുടർന്ന് വണ്ടി തിരിക്കാൻ പറ്റാത്ത അവസ്ഥയിലായി. കുറച്ചുനേരം ഗതാഗത തടസമുണ്ടായി. കമ്പി കാബിനിലേക്ക് തുളച്ച് കയറിയെങ്കിലും പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപെട്ടു.