മൂവാറ്റുപുഴ: മൂവാറ്റുപുഴക്കാവിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുരസ്കാരദാന സഭ നടന്നു. ക്ഷേത്രം രക്ഷാധികാരി ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭാഷാഭിമാന പുരസ്‌കാരജേതാവും ചിന്താമണി പുരസ്കാര ജേതാവുമായ ബാലസാഹിത്യകാരൻ ഹരീഷ് ആർ.നമ്പൂതിരിപ്പാട് ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിച്ചു. ക്ഷേത്രസമിതി ഹരീഷ് നമ്പൂതിരിപ്പാടിനെ ഉപഹാരം നൽകി ആദരിച്ചു. കൊവിഡ് കാലത്ത് നടത്തിയ വിലപ്പെട്ട സേവനങ്ങളെ മുൻനിർത്തി കേരളാ സിവിൽ ഡിഫെൻസിലെ സന്നദ്ധഭടന്മാരെയും ഡിഫെൻസ് ടീമിന്റെ കോർഡിനേറ്ററും മുഖ്യമന്ത്രിയുടെ ഈ വർഷത്തെ വിശിഷ്ട സേവാ മെഡൽ ജേതാവുമായ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിനെയും ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു. ക്ഷേത്ര കാര്യദർശി ശിവദാസൻ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നൃത്താർച്ചനയും സംഗീതാർച്ചനയും നടന്നു.