1

കുമ്പളങ്ങി: കുമ്പളങ്ങി പഞ്ചായത്തിന്റെ കീഴിലെ പാർക്കിലെത്തിയാൽ മനസ്സ് മാത്രമല്ല, ശരീരവും നന്നാക്കാം. സൗജന്യ ഓപ്പൺ ജിമ്മിൽ ഇനി ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാം. ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്നാണ് ഇവിടെ ഓപ്പൺ ജിം ആരംഭിച്ചിരിക്കുന്നത്. രാവിലെ പുരുഷൻമാരും വൈകിട്ട് സ്ത്രീകളുമാണ് ഇവിടെ വരുന്നത്.കൂടാതെ പ്രഭാതസായാഹ്ന സവാരിക്കായി നിരവധി പേരും ഇവിടെ എത്തുന്നുണ്ട്. കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ പാർക്ക് അടച്ചു പൂട്ടലിനെ തുടർന്ന് കാട്പിടിച്ച് കിടന്നിരുന്ന സ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. കൂടാതെ ഓപ്പൺ സ്റ്റേജും നാടൻ ഭക്ഷണമായ കുടൽ കറി, ചിരട്ട പുട്ട്, കപ്പ, മീൻ കറി തുടങ്ങി നാടൻ വിഭവങ്ങൾ ഒരുക്കുന്ന ഭക്ഷണശാലയും ഇവിടെ ഒരുങ്ങുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പാർക്കിൽ ഭക്ഷണശാല ഒരുങ്ങുന്നത്. സായാഹ്ന വേളയിൽ ചീനവലകളുടെ സൗന്ദര്യം ആസ്വദിക്കാനും ആളുകൾ എത്തുന്നുണ്ട്. എന്നാൽ രാത്രി സമയങ്ങളിലും പാർക്ക് തുറന്നു കിടക്കുന്നതിനാൽ സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കുന്നതിനായി പാർക്ക് മൊത്തമായി കരാർ കൊടുക്കാനുള്ള ആലോചനയിലാണ് പഞ്ചായത്ത് അധികാരികൾ. ഇതോടെ പാർക്കിന് പൂട്ട് വീഴും. കരാർ കൊടുക്കുന്നതോടെ ആഡംബര വിളക്കുകളും ഇരിപ്പിടങ്ങളും കൊണ്ട് പാർക്ക് സുന്ദരിയായി മാറും. ചില ക്വട്ടേഷൻ സംഘങ്ങൾ പഞ്ചായത്തിൽ എത്തിയിട്ടുള്ളതായി പ്രസിഡന്റ് ലിജാ തോമസ്, വൈസ് പ്രസിഡന്റ് പി.എ.സഗീർ എന്നിവർ അറിയിച്ചു. പെരുമ്പടപ്പ് കുമ്പളങ്ങി പാലത്തിലും പ്രഭാതസായാഹ്നസവാരിക്കായി ധാരാളം പേർ എത്തുന്നുണ്ട്.