siva-temple
കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം കയറിയ നിലയിൽ

ആലുവ: കനത്ത മഴയിൽ പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് ശിവക്ഷേത്രത്തിൽ വെള്ളം കയറി. ഇന്നലെ പുലർച്ചെ മുതൽ പെരിയാറിലെ ജലനിരപ്പ് അത്ഭുതപ്പെടുത്തും വിധം ഉയരുകയാണ്.

മണപ്പുറം ശിവക്ഷേത്രത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ഇതേത്തുടർന്ന് പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി. ആലുവയെ സംബന്ധിച്ചിടത്തോളം ശിവക്ഷേത്രത്തിലെ സ്വയംഭൂ ശിവവിഗ്രഹം പൂർണമായി മുങ്ങുന്നത് ഭഗവാന്റെ ആറാട്ടായി കണക്കാക്കുന്നു. ഈ വർഷം പലതവണ ജലനിരപ്പുയർന്നുവെങ്കിലും ശിവഭഗവാൻ ആറാടിയിട്ടില്ല. ജലനിരപ്പുയർന്നാലും ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ മുടങ്ങില്ലെന്നതാണ് പ്രത്യേകത. ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറിയെങ്കിലും പെരിയാറിന്റെ മറ്റ് പ്രദേശങ്ങളിൽ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല. ഒഴുക്ക് ഗണ്യമായി വർദ്ധിച്ചതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

നഗരത്തിൽ വെള്ളക്കെട്ട്

മഴ കനത്തതോടെ ആലുവ നഗരത്തിൽ വെള്ളക്കെട്ടും രൂക്ഷമായി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡ്, കുന്നുംപുറം റോഡ്, മാർക്കറ്റ് അണ്ടർപാസേജ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ നിർത്താതെ പെയ്യുകയാണ്.