കൊച്ചി: നഗരത്തിലും പടിഞ്ഞാറൻ കൊച്ചിയിലും അനധികൃത നിർമ്മാണങ്ങളുണ്ടെന്ന് കോർപ്പറേഷൻ അധികൃതർ സമ്മതിക്കുമ്പോഴും അതെങ്ങനെ തിരിച്ചു പിടിക്കുമെന്നോ നടപടിക്രമങ്ങൾ എന്താണെന്നോ ആർക്കും വ്യക്തതയില്ല. മാസംതോറും കൈയേറ്റങ്ങളുടെ പട്ടിക നൽകണമെന്ന് സ്ഥാനമേറ്റയുടൻ കോർപ്പറേഷനിലെ പുതിയ ഭരണസമിതി ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം കൈയേറ്റപ്പട്ടിക ലഭിച്ചെങ്കിലും തുടർനടപടികളില്ല.

കൊച്ചിയിലെ അനധികൃത നിർമ്മാണ പ്രശ്നത്തിൽ ഹൈക്കോടതിവരെ ഇടപെട്ട ചരിത്രമുണ്ട്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റക്കാർക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ഒരു സ്ഥലത്തെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കിയപ്പോൾ മറ്റൊരുവഴിക്ക് നിർബാധം തുടരുന്നു. ഒഴിപ്പിച്ചയിടത്ത് തന്നെ വീണ്ടുമുള്ള കൈയേറ്റങ്ങളും കുറവല്ല.

 ക്രമക്കേടുകൾ പലവിധത്തിൽ

കെട്ടിടങ്ങൾക്ക് അനുമതി ലഭിച്ചതിനുശേഷം ഉടമകൾ തോന്നുംവിധം നിർമ്മാണങ്ങൾ നടത്തുന്നതാണ് വ്യാപകമായ രീതി. കഴിഞ്ഞആഴ്ച കലൂരിൽ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കാനിടയായ അപകടം ഇത്തരത്തിൽ നടത്തിയ നിർമ്മാണത്തിന്റെ ബാക്കിപത്രമാണ്.

ശാസ്ത്രീയപരിഹാരം വേണം

കെട്ടിടനിർമ്മാണങ്ങളെല്ലാം ടൗൺപ്ലാനിംഗ് വിഭാഗത്തിന്റെ കീഴിലാണ് വരുന്നത്. കെട്ടിടംഉടമകൾ കൃത്യമായ പ്ലാനുകൾ നൽകും. എന്നാൽ ഇതനുസരിച്ചായിരിക്കില്ല പണി പൂർത്തിയാക്കുന്നത്. നിർമ്മാണങ്ങളെക്കുറിച്ച് യാതൊരു സാങ്കേതിക വൈദഗ്ദ്ധ്യവുമില്ലാത്ത റവന്യൂവകുപ്പാണ് നികുതി നിർണയിക്കുന്നതും കെട്ടിടപരിശോധന നടത്തുന്നതും. ഇതും ഇത്തരക്കാർക്ക് അനുഗ്രഹമാകുന്നു.



 വ്യാപകമായി തോടുകൈയേറ്റങ്ങൾ

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി കഴിഞ്ഞവർഷം ജില്ലാഭരണകൂടം നടപ്പാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കാരണക്കോടംതോട് ചെലവന്നൂർ കായലിൽ പതിക്കുന്ന ഭാഗത്തെ അനധികൃത സ്ലാബുകൾ, നടപ്പാലങ്ങൾ തുടങ്ങിയ കൈയേറ്റങ്ങൾ പൊളിച്ചുനീക്കിയിരുന്നു. ആശുപത്രികൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അപ്പാർട്ടുമെന്റുകൾ, കൺവെൻഷൻ സെന്ററുകൾ തുടങ്ങിയവ അനധികൃതനിർമ്മാണങ്ങളുടെ പട്ടികയിലുണ്ട്. പലതും നടപടിയെടുക്കാനാകാത്ത തരത്തിൽ നിയമക്കുരുക്കിലാണ്. നിർമ്മാണപ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ മാർഗരേഖ കൊണ്ടുവരികയാണ് ഈ പ്രശ്നത്തിന് പരിഹാരമെന്ന് നഗരാസൂത്രണരംഗത്തെ വിദഗ്ദ്ധർ പറയുന്നു

 മാർഗരേഖ കൊണ്ടുവരും

അനധികൃത നിർമ്മാണങ്ങൾ പലയിടത്തും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയാലേ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. കെട്ടിടങ്ങളുടെ പ്ലാനിംഗിലും നിർമ്മാണത്തിലും ശാസ്ത്രീയസമീപനം സ്വീകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
എം. അനിൽകുമാർ, മേയർ