കൊച്ചി: ഐ.എൻ.ടി.യു.സി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി ഒക്ടോബർ 25 വരെ തടഞ്ഞു. തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ ഒക്ടോബർ 18നു വിചാരണ തുടങ്ങാനിരിക്കെയാണ് 18-ാം പ്രതിയും സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗവും സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ജയമോഹന്റെ ഹർജിയിൽ സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് കെ. ഹരിപാൽ ഹർജി ഒക്ടോബർ 25നു പരിഗണിക്കാൻ മാറ്റി.

സി.പി.എം പ്രവർത്തകരെ കോൺഗ്രസിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് 2010 ഏപ്രിൽ പത്തിന് സി.പി.എം പ്രവർത്തകർ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 19 പ്രതികളുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നും സഹായം നൽകിയെന്നുമാണ് ജയമോഹനെതിരായ കുറ്റം. ഇത് നിലനിൽക്കില്ലെന്നും കുറ്റവിമുക്തനാക്കണമെന്നുമാവശ്യപ്പെട്ട് ജയമോഹൻ നൽകിയ ഹർജി തിരുവനന്തപുരം സി.ബി.ഐ കോടതി 2021 സെപ്തംബർ 16ന് തള്ളി. ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.