കോലഞ്ചേരി: കാലംതെ​റ്റി പെയ്യുന്ന മഴ കർഷക സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നു. കുമിൾരോഗങ്ങൾക്ക് കാരണമാകുന്നതാണ് പ്രധാന പ്രശ്‌നം. വിളകൾക്ക് ബാക്ടീരിയയുടെ ആക്രമണവും ഉണ്ടാകുന്നുണ്ട്. റബർ, പച്ചക്കറി, വാഴ, ജാതി എന്നിവക്കെല്ലാം പ്രശ്‌നമുള്ളതായി കൃഷിക്കാർ പറയുന്നു. കനത്ത മഴയിൽ മേൽമണ്ണ് കാര്യമായി ഒഴുകിപ്പോകുന്നതും പ്രശ്‌നമാണ്. അകാല ഇലപൊഴിച്ചിൽ കാരണം റബറിന് പനിപ്പുണ്ടാകുകയും ഉത്പാദനം കുറയുകയും ചെയ്യും. കാലംതെ​റ്റി വന്ന മഴയിൽ ടാപ്പിംഗ് മുടങ്ങുന്നതിനാൽ റെയ്ൻഗാർഡനിംഗ് ചെയ്ത തോട്ടങ്ങളിലെയും ആദായം കുറയാൻ കാരണമായി. കുറച്ച് ദിവസം മഴ പെയ്യുകയും പിന്നീട് പെയ്യാതിരിക്കുകയും ചെയ്യുന്നതോടെ ലഭിക്കുന്ന ആദായത്തിൽ ഏ​റ്റക്കുറച്ചിലുമുണ്ട്. മരങ്ങളിൽ ചീക്കുരോഗം കൂടുന്നതിനും ഇളംതൈകളുടെ അഗ്ര മുകളം ചീഞ്ഞ് വളർച്ച മുരടിക്കുന്നതിനും ഇടവിടാതുള്ള മഴ കാരണമാകുന്നുണ്ട്. ഭൂമിയിൽ വെള്ളം കെട്ടിനിന്ന് പൈനാപ്പിളിന്റെ വേരുകൾ ചീയുന്നതിനും ഫംഗസ് ബാധയ്ക്കും കാരണമായിട്ടുണ്ട്. വെള്ളത്തുള്ളികൾ വീണ് പൂവ് നശിക്കുന്നത് പൈനാപ്പിളിന്റെ വളർച്ചയെ ബാധിക്കുന്നുണ്ട്. വിളകൾക്ക് രോഗപ്രതിരോധശക്തി ഏറ്റവും കുറവുള്ള കാലമാണിത്. കൊവിഡിൽ നിലംപതിച്ച മേഖല തളിരിട്ടുവരുന്നതിനിടെയാണ് മഴയെത്തി കർഷകരുടെ പ്രതീക്ഷകൾ തകർത്തത്. തുലാമാസത്തിനുമുമ്പേ തുടങ്ങിയ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മഴ ഇപ്പോഴും തുടരുകയാണ്.

ഇഞ്ചിയുടെ ഓല ചീഞ്ഞുപോകുന്നു. കുമിൾരോഗം തോട്ടങ്ങളിൽ വ്യാപകമായി. തടങ്ങളിൽ തുടർച്ചയായി വെള്ളം നിൽക്കുന്നത് വിളവിനെ ബാധിക്കും.കനത്ത മഴ വേര് ചീയാൻ ഇടയാക്കും. ദ്രുതവാട്ടവും കാണുന്നുണ്ട്. അടുത്ത വിളവ് മോശമാകാനും സാദ്ധ്യത.

തുടർച്ചയായി വെള്ളം കെട്ടിനിൽക്കുന്നത് നേന്ത്രവാഴയെ മോശമായി ബാധിക്കും. വേര് ചീയും. നാടൻവാഴകളെ മഴ കാര്യമായി ബാധിക്കില്ല. കൂടുതൽ ദിവസം വെള്ളത്തിൽ നിന്നാൽ വാഴ ചരിഞ്ഞ് വീഴാനിടയാകും.തക്കാളി, വെണ്ട എന്നിവക്ക് വലിയ നാശം. തക്കാളിക്കായ കൊഴിഞ്ഞുപോകുന്നു. വെണ്ടയുടെ ഇല നശിച്ചുപോകുന്നു. വഴുതനയ്ക്ക് വാടിപ്പോകൽ രോഗമുണ്ടാകുന്നു.

വെള്ളക്കെട്ടും വിളചീയലും കൃഷിയിടങ്ങളിൽ വലിയ പ്രയാസമുണ്ടാക്കുന്നു. തുടർച്ചയായ മഴ ടാപ്പിംഗിനെ ബാധിക്കുന്നു. ചെറുകിട കൃഷിക്കാർ മഴമറ ഇടാതെ തുടങ്ങിയ വിളവെടുപ്പ് നിലച്ചു. പട്ടയിൽ തുടർച്ചയായി ഈർപ്പം നിൽക്കുന്നത് പട്ടമരവിപ്പിനും പാൽക്കുഴലുകൾ നശിക്കാനും ഇടയാക്കും. തോട്ടങ്ങളിലെ കൊതുകുശല്യവും കൂടി. മഴക്കുഴി നിർമാണവും നിലച്ചിരിക്കുകയാണ്.

എൽദോസ്, കർഷകൻ, മഴുവന്നൂർ