കൊച്ചി: നഗരത്തിലെ അപ്പാർട്ട്മെന്റിൽ നിന്ന് ലഹരി മരുന്നു പിടികൂടിയ കേസിൽ പ്രതിയായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ട് (23) നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് കെ. ഹരിപാലിന്റെ ബെഞ്ച് ഹർജി ഒക്ടോബർ 21 നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ ജനുവരി 30 ന് രാത്രിയിലാണ് ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ, ഹാഷിഷ് ഒായിൽ, കഞ്ചാവ് എന്നിവയുമായി കാസർകോട് സ്വദേശി വി.കെ. സമീർ, കോതമംഗലം സ്വദേശി അജ്മൽ റസാഖ്, ആര്യ ചേലാട്ട് എന്നിവർ പിടിയിലായത്. കൊച്ചി സെൻട്രൽ പൊലീസും നഗരത്തിലെ ഡാൻസാഫും (ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ്) ചേർന്നാണ് ഇവരെ പിടികൂടിയത്. 44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹാഷിഷ് ഒായിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. കേസിൽ 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം.