കൊച്ചി: കപ്പൽ മാലിന്യങ്ങൾ കൊച്ചിതീരത്ത് തള്ളുന്ന വിഷയം ഏറെ ഗൗരവമുള്ളതാണെന്നും മാലിന്യമുക്ത മേഖലയ്ക്കായി ഫലപ്രദമായ ഇടപെടലുകൾ ആരംഭിച്ചതായും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കപ്പലിൽ നിന്നുള്ള മാലിന്യങ്ങൾ മാത്രമല്ല പുറമേനിന്നുള്ള മാലിന്യങ്ങൾ കപ്പലിൽ കൊണ്ടുവന്നും കടലിൽ തള്ളുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കടലിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല. ഇവ ഫലപ്രദമായി സംസ്‌കരിക്കേണ്ടതുണ്ട്. കൊച്ചിമേഖലയുടെ സൗന്ദര്യം തനിമയോടെ നിലനിർത്താനും പൊതുതലത്തിൽ മാലിന്യമുക്തമായ രീതിയിൽ ഫലപ്രദമായി മുന്നോട്ടുനയിക്കാനും ഉതകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ചുചേർത്ത് നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണസ്ഥാപന തലത്തിൽ മാലിന്യ സംസ്‌കരണ പ്രവർത്തനപരിപാടികൾ തയ്യാറാക്കുകയും അതിന്റെ സമയബന്ധിത പുരോഗതി വകുപ്പും ശുചിത്വമിഷനും വിലയിരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.