ap-shaji

തൃക്കാക്കര: കാക്കനാട് തെരുവോര കച്ചവട മാഫിയ കൈയടക്കിയ കട വില്പനയ്ക്ക്. കളക്ടറേറ്റിനും നഗരസഭയ്ക്കും ഇടയിലെ ശീതള പാനീയ കടയാണ് 45,000 രൂപയ്ക്ക് വിൽക്കാനൊരുങ്ങുന്നത്. വർഷങ്ങളായി കച്ചവടം നടത്തിയിരുന്ന ആൾക്ക് ലോക്ക് ഡൗൺ സമയത്ത് സാമ്പത്തിക പ്രശ്നം വന്നതോടെ സഹായ ഹസ്തവുമായി എത്തിയ തെരുവോര കച്ചവട മാഫിയ സംഘം 15,000 രൂപയ്ക്ക് ഉടമയിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ഈ സംഘം കട വിപുലീകരിച്ച ശേഷമാണ് കച്ചവടത്തിന് ഒരുങ്ങുന്നത്.

കാക്കനാട് ചിറ്റേത്തുകരയിൽ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പേരിൽ കൈയേറി കട സ്ഥാപിച്ച ശേഷം ദിവസം 600 രൂപയ്ക്ക് വാടകക്ക് നൽകിയിട്ടുണ്ട്. കാക്കനാട് കളക്ടറേറ്റിന്റെ കിഴക്ക് വശം കാക്കനാട് തൃപ്പുണിത്തുറ റോഡിൽ ഹോൾ സെയിൽ പഴക്കച്ചവടക്കാരൻ രണ്ടുകടകൾ അന്യസംസ്ഥാന തൊഴിലാക്കികളെ വച്ച് നടത്തുന്നുണ്ട്. എൻ.ജി.ഒ ക്വാട്ടേഴ്സ്,​ ചെമ്പുമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും തെരുവോരങ്ങളിൽ സമാനമായ രീതിയിൽ കച്ചവടം നടത്തുന്നുണ്ട്. ഇത്തരത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ വച്ച് കച്ചവടം നടത്തുന്ന ഈ സംഘം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തൊഴിലാളികളുടെ പേരിൽ തന്നെയാണ് തെരുവോര കച്ചവടക്കാരുടെ ലൈസൻസ് തരപ്പെടുത്തുന്നത്. ചില പ്രാദേശിക നേതാക്കളും ഈ സംഘത്തിന്റെ സംരക്ഷകരാണ്.

തെരുവോര കച്ചവടത്തിന്റെ മറവിൽ സീ-പോർട്ട് എയർ പോർട്ട് റോഡിലും ഗാന്ധി സ്ക്വയറിന്‌ സമീപവും.കാക്കനാട് ഇൻഫോപാർക്ക് റോഡിലൂടെ മയക്ക് മരുന്ന് വില്പന നടത്തുന്നവരുമുണ്ട്. ഇത്തരം കടകളിൽ ചിലത് ഉച്ചയ്ക്ക് ശേഷമാണ് സജീവമാവുന്നത്.രാത്രി പത്തിന് ശേഷം യുവാക്കളുടെ നീണ്ട നിര തന്നെ ഈ കടകളിൽ കാണാൻ സാധിക്കും.തെരുവോര കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർ ചെയർമാൻ ആയി തെരുവോരക്കച്ചവട കമ്മിറ്റി വർഷത്തിൽ രണ്ടുതവണ യോഗം ചേരണമെന്നാണ് ചട്ടം. എന്നാൽ ഈ സമിതി അവസാനം യോഗം ചേർന്നത് നാലുവർഷം മുമ്പാണ്.

 തൃക്കാക്കരയിലെ തെരുവോര കച്ചവടം മാഫിയകളുടെ കൈകളിലാണ്. കടകൾ വില്പന നടത്തുന്നത് നഗരസഭ കണ്ടില്ലെന്നു നടിക്കുകയാണ്. അനർഹരെ ഒഴിവാക്കി നാട്ടുകാരായ കച്ചവടക്കാർക്ക് കച്ചവടം നടത്തുന്നതിനാണ് അനുമതി നൽകേണ്ടത്. ജീവിത മാർഗത്തിനായി തെരുവോരങ്ങളിൽ കച്ചവടം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ നഗരസഭ നടപടി സ്വീകരിക്കണം.

എ.പി ഷാജി
എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി