മൂവാറ്റുപുഴ: മഴ കനത്ത സാഹചര്യത്തിൽ മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലെയും സാഹചര്യം പരിശോധിച്ചു. മലങ്കര ഡാമിൽ ആറ് ഷട്ടറുകൾ തുറന്നു. ഈ സാഹചര്യത്തിൽ മൂവാറ്റുപുഴയിൽ വെള്ളമുയരാൻ സാധ്യതയുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.മലങ്കര ഡാമിൽ നിലവിൽ 39.4 അടി ഉയരത്തിലേക്ക് വെള്ളം കുറച്ചിട്ടുണ്ട്. രാവിലെ ഇത് 39.70 അടി ഉയരത്തിൽ ആയിരുന്നു. ആറ് ഷട്ടറുകൾ അറുപത് സെന്റിമീറ്റർ ഉയരത്തിൽ തുറന്നു വിട്ടാണ് ജലനിരപ്പ് കുറച്ചത്. 39.50 അടിയിൽ വെള്ളം നിലനിർത്തുകയാണ് സുരക്ഷിതം. ഈ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുമായി രാവിലെ തന്നെ ബെന്ധപ്പെട്ട് അടിയന്തരമായി വെള്ളം കുറയ്ക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു വിട്ട് ജലനിരപ്പ് നിയന്ത്രിച്ചത്. അതു കൊണ്ടു തന്നെ വൈകുന്നേരത്തോടെ പുഴയിൽ വെള്ളമുയരാൻ സാധ്യതയുണ്ട്. പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല.

വെള്ളം നിയന്ത്രിക്കാൻ ആവശ്യമായി വന്നാൽ മലങ്കര ഡാമിലെ കൂടുതൽ ഷട്ടറുകൾ തുറപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. അതേസമയം ഊർജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളം രാത്രികാലങ്ങളിൽ മലങ്കര ഡാമിലേക്ക് എത്തുന്നുണ്ട്. ഒരു കാരണവശാലും അത് പാടില്ല എന്നും മലങ്കര ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താതെ അത്തരം കാര്യങ്ങളിലേക്ക് കടക്കരുതെന്നും ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കത്ത് നൽകിയതായും എം.എൽ.എ പറഞ്ഞു. ഈ വിഷയത്തിൽ ഡാം സുരക്ഷയ്ക്കുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.