കൊച്ചി: നഗരസഭയിലെ ഗാന്ധിനഗർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിലുൾപ്പെടാത്തവർക്ക് അവരുടെ പേരുകൾ ലിസ്റ്റിലില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് നൽകാൻ തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്റെ ചുമതലയുള്ള നഗരസഭാ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. തങ്ങളുടെ പേര് ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകാനായി ഇത്തരമൊരു ഉത്തരവ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഗാന്ധിനഗർ ഡിവിഷനിലെ (63-ാം ഡിവിഷൻ) വോട്ടർപട്ടികയിൽ നിന്നൊഴിവാക്കപ്പെട്ട 64 പേർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമനാണ് ഇൗ നിർദ്ദേശം നൽകിയത്. അപ്പീൽ നൽകാൻ ഇത്തരമൊരു ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് തപാലിൽ അയച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും ഇതു ലഭിച്ചില്ലെന്ന് ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഉത്തരവിന്റെ പകർപ്പുനൽകാൻ നിർദ്ദേശിച്ചത്. സെപ്തംബർ 30നാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.