1
പദ്ധതി ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന തണൽ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനം ഗ്രാമപഞ്ചായത്തിലെ 4 വീടുകൾക്ക് എം.പി തറക്കല്ലിട്ടു. ആസ്റ്റർ ഡി.എം. ഫൗണ്ടേഷനും ഇന്തോനേഷ്യൻ കേരള സമാജവുമാണ് സ്പോൺസർമാർ. ചെല്ലാനം പഞ്ചായത്തിലെ 7,9,14,20 വാർഡുകളിലാണ് ഇന്നലെ തറക്കല്ലിട്ടത്. ഇതോടെ തണൽ ഭവന പദ്ധതിയിൽ 83 വീടുകളായി. ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്ന ചെല്ലാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി എം.പിയുടെ നേതൃത്വത്തിൽ റീബിൽഡ് ചെല്ലാനം പദ്ധതി ആരംഭിച്ചിരുന്നു. വിവിധ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ഇതിനകം ഇരുപതോളം വീടുകളുടെ നിർമ്മാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായിരുന്നു. ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിം, ഇന്തോനേഷ്യൻ കേരള സമാജം പ്രതിനിധി ഷോബി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീബ ജേക്കബ്, സിന്ധു ജോഷി, പഞ്ചായത്ത് മെമ്പർമാരായ സിമിൽ ആന്റണി, കെ.എൽ ജോസഫ്, പ്രശാന്ത് ജോസഫ്, അനില സെബാസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ തോമസ് ഗ്രിഗറി, ജോഷി ആന്റണി, ഷാജി തോപ്പിൽ, റോയി തുടങ്ങിയവർ പങ്കെടുത്തു.