കളമശേരി: ഹിൽ (ഇന്ത്യ) കമ്പനി പൊതുമേഖലയിൽത്തന്നെ നിലനിർത്തി അഭിവൃദ്ധിപ്പെടുത്തുമെന്ന് രാസവളം, രാസവസ്തു വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖൂബ സേവ് എച്ച്.ഐ.എൽ ഫോറത്തിന് ഉറപ്പു നൽകി. നഷ്ടത്തിലായ കമ്പനി അടച്ചുപൂട്ടാനുള്ള കേന്ദ്രനീക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിയുമായി ഫോറം ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി കമ്പനി മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തി. സേവ് എച്ച്.ഐ.എൽ ഫോറം ഭാരവാഹികളായ കെ .എൻ .ഗോപിനാഥ്, കെ. കെ. വിജയകുമാർ, കെ .വി .മധുകുമാർ എന്നിവരും ഹിൽ(ഇന്ത്യ) ട്രേഡ് യൂണിയൻ ഭാരവാഹികളായ ബി .മനോജ്, വി .എ. സക്കീർ, കെ .എൻ. രൂപേഷ്, സി. ജി .രാജഗോപാൽ എന്നിവരും പങ്കെടുത്തു. ഇത് സംബന്ധിച്ച് ഹൈബി ഈഡൻ എം.പി നേരത്തെ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മന്ത്രിയോട് സംസാരിച്ച് ഉറപ്പു വരുത്തിയതായി നേതൃത്വം വ്യക്തമാക്കി.