ആലുവ: ഒരു വിഭാഗം പൊലീസിന്റെ ഒത്താശയോടെ പെരിയാറിൽ അനധികൃത മണൽ വാരൽ രൂക്ഷമായി. മണൽ മാഫിയക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മൂന്നാഴ്ച്ച മുമ്പ് യുവമോർച്ചക്കാർ മണൽ ലോറി പിടികൂടി പൊലീസിന് കൈമാറിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
ഇന്നലെ മഹിളാലയത്തിന് സമീപം അപകടത്തിൽപ്പെട്ട മണൽ ലോറി ജീവനക്കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. സമീപകാലത്തൊന്നും പൊലീസിന് സ്വന്തമായി മണൽ വാരലുകാരെയോ മണൽ ലോറിയോ പിടികൂടാനായിട്ടില്ല. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ച് മണൽ വാരി കൊല്ലത്തേക്ക് കടത്തുകയാണെന്നാണ് സൂചന. യുവമോർച്ചക്കാർ പിടികൂടിയ ലോറിയും ഇന്നലെ അപകടത്തിൽപ്പെട്ട ലോറിയുമെല്ലാം കൊല്ലം രജിസ്ട്രേഷനിലുള്ളവയാണ്. സന്ധ്യയോടെ ആരംഭിക്കുന്ന മണൽവാരൽ പുലർച്ചെയോളം നീളുന്നുണ്ട്. നാട്ടുകാർ പ്രതിഷേധവുമായെത്തിയാൽ നേരിടുന്നത് ഗുണ്ടാസംഘമാണ്. പൊലീസിനെ വിവരമറിയിച്ചാൽ അതും മണൽ മാഫിയ അറിയും. പൊലീസിലും മാഫിയയുടെ കണ്ണികളുണ്ട്. ഭയത്താൽ ആരും പുറത്തുപറയാറില്ല.
രണ്ട് മാസത്തോളമായി മണൽവാരലുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണപ്പുറം നടപ്പാലത്തിൽ നിന്നാൽ മണൽവാരുന്നത് കാണാം. യുവമോർച്ച പൊലീസിനെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. പിന്നീടാണ് മണൽ നിറയ്ക്കുന്നതിനെത്തിയ ലോറി യുവമോർച്ചക്കാർ പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പിള്ളി സ്വദേശികളായവരുടെ പേരുവിവരങ്ങൾ പോലും പുറത്തുവിട്ടില്ലെന്നും ആക്ഷേപമുണ്ട്.
അപകടത്തിൽപ്പെട്ട മണൽ ലോറി ഉപേക്ഷിച്ച് ജീവനക്കാർ മുങ്ങി
അനധികൃത മണൽ കടത്താനുള്ള ശ്രമത്തിനിടെ ലോറിയുടെ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് ഡ്രൈവറും ക്ളീനറും മുങ്ങി. കരുനാഗപ്പിള്ളി സ്വദേശി ഷാനവാസിന്റെ പേരിലുള്ള കെ.എൽ 23 സി 7721 മിനി ലോറിയാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മഹിളാലയം ന്യുഇറ ക്ളിനിക്കിന് എതിർവശം പെരിയാർതീരത്തെ ആൾത്താമസമില്ലാത്ത വീടുവഴിയാണ് ലോറിയിൽ മണൽ കയറ്റിയത്. തുടർന്ന് പുറത്തേക്ക് ഇറക്കിയപ്പോൾ ഇലക്ട്രിക്ക് പോസ്റ്റിനായി മണ്ണെടുത്ത കുഴിയിൽ ലോറി പുതഞ്ഞു. ജെ.സി.ബിയെത്തിച്ച് കയറ്റാൻ ശ്രമിച്ചപ്പോഴാണ് ആക്സിൽ ഒടിഞ്ഞത്. വാർഡ് മെമ്പർ നെജീബ് പെരിങ്ങാട്ട് അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ലോറി ജീവനക്കാർ ഉൾപ്പെടെ മണൽ മാഫിയക്കാരെല്ലാം മുങ്ങി. മൂന്നാഴ്ച്ചയോളമായി ഈ വീടുവഴി മണൽ കടത്തുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. താഴ് തകർത്താണ് മണൽ മാഫിയ കോമ്പൗണ്ടിൽ കയറിയതെന്നാണ് കാവൽക്കാരൻ ജെയിംസ് പറയുന്നത്. പൂട്ടികിടക്കുന്ന വീടിന്റെ കാവൽക്കാരന് മണൽകടത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സി.ഐ സി.എൽ. സുധീർ പറഞ്ഞു.