നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പ്രവർത്തനങ്ങൾക്ക് ഇന്നലെ ചുക്കാൻ പിടിച്ചത് വനിതകളായിരുന്നു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര ദിനാഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു വനിതകൾ മാത്രമടങ്ങിയ കൃത്യനിർവഹണം.
ഇന്ത്യയിലെ എല്ലാ കസ്റ്റംസ് ഓഫീസുകളും ഇന്നലെ പകൽ 12 മണിക്കൂർ വനിത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് കമ്മീഷണർ മുഹമ്മദ് യൂസഫ് പറഞ്ഞു. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ സ്പൃതി റെഡ്ഢി, അസി. കമ്മീഷൻ ശുഭ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 14 പേർ അടങ്ങുന്ന വനിത ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗത്തിലെ 50 ഉദ്യോഗസ്ഥരിൽ 14 പേർ വനിതകളാണ്. ഇവർ നാല് ബാച്ചുകളായി തിരിഞ്ഞാണ് സാധാരണ ദിവസങ്ങളിൽ ജോലി ചെയ്യുന്നത്. ഇന്നലെ യാത്രക്കാരുടെ ലഗേജ് പരിശോധന ഉൾപ്പെടെ എല്ലാ ചുമതലകളും വഹിച്ചത് വനിതകളാണ്. ഇപ്പോൾ ശരാശരി 3000ത്തോളം അന്താരാഷ്ട്ര യാത്രക്കാരാണ് സിയാൽ വഴി വന്നുപോകുന്നത്.
കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് വനിത ടീം പ്രശംസനീയമായി ചുമതലകൾ നിർവ്വഹിച്ചതായി കസ്റ്റംസ് അഡിഷണൽ കമ്മീഷണർ രാജേശ്വർ ആർ. നായർ അറിയിച്ചു.