fg

കോലഞ്ചേരി: പി.ടി.എ ഫണ്ടില്ലാത്തതുകാരണം നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുമ്പായി ചെയ്തു തീർക്കേണ്ട ജോലികൾ സർക്കാർ സ്കൂളുകളുകളിൽ ഇനിയും ബാക്കിയാണ്. നീണ്ട കാലത്തെ അടച്ചിടലിനു ശേഷം സ്‌കൂളുകൾ തുറക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമ്പോഴും സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് മിക്ക സ്‌കൂളുകളും. സ്‌കൂളുകൾ അടച്ചതിനു ശേഷവും പ്രവേശന നടപടികൾ തടസമില്ലാതെ പൂർത്തിയാക്കിയിരുന്നു. എന്നാൽ രണ്ട് വർഷമായി പി.ടി.എ ഫണ്ട് വാങ്ങാൻ കഴിയാത്തതിനാൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ദൈനംദിന ചിലവുകൾ വൻബാദ്ധ്യതയായി. ഈ വർഷം സ്കൂൾ തുറക്കുന്നതിന് മുമ്പായി പുതിയ പി.ടി.എ കമ്മിറ്റി രൂപീകരിക്കണം. ഇതോടെ മുൻ കമ്മിറ്റികൾ ഫണ്ട് കണ്ടെത്താൻ തയ്യാറായിട്ടുമില്ല. സ്‌കൂൾ കെട്ടിടങ്ങളുടെ അ​റ്റകു​റ്റപ്പണികൾ, വൈദ്യുതി ചാർജ്, താത്ക്കാലിക അദ്ധ്യാപകരുടെ ശമ്പളം എന്നിവയെല്ലാം അധികമായി കണ്ടെത്തേണ്ടി വന്നതിനാൽ മിക്കവാറും സ്‌കൂളുകളുടെ പി.ടി.എ ഫണ്ട് കാലിയാണ്.

 വേണം കുറഞ്ഞത് 50,000

സ്‌കൂൾ ബസുകളുടെ അ​റ്റകു​റ്റപ്പണികളും, ഫിറ്റ്നെസ് പരിശോധനകൾ, ബാങ്ക് ലോണുകൾ, ഇൻഷുറൻസ് തിരിച്ചടവുമാണ് പ്രധാന വെല്ലുവിളി. ഓടാതെ കിടന്ന കിടന്ന സ്‌കൂൾ വാഹനങ്ങൾ പലതിനും കേടുപാടുകൾ സംഭവിച്ചു. ഒരു ചെറിയ വാഹനം നിരത്തിലിറക്കണമെങ്കിൽ പോലും ചുരുങ്ങിയത് അര ലക്ഷം രൂപ വേണമെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ചില മാനേജ്‌മെന്റുകൾ ഈ പണം മുടക്കാൻ കഴിവുള്ളവരാണ്. എന്നാൽ സിംഗിൾ മാനേജ്‌മെന്റ് സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും സ്ഥിതി വ്യത്യസ്തമാണ്. അദ്ധ്യാപകർ പിരിവെടുത്ത് വേണം സ്‌കൂൾ വാഹനങ്ങളുടെ ചെലവ് വഹിക്കാൻ. പ്രാരംഭചെലവുകൾക്കായി സർക്കാർ സ്‌കൂളുകൾക്കെങ്കിലും ഫണ്ട് അനുവദിക്കണമെന്നാണ് സ്‌കൂൾ അധികൃതരുടെ ആവശ്യം. അദ്ധ്യയനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്‌കൂളുകളുടെ അ​റ്റകു​റ്റ പണികൾ പൂർത്തിയാക്കി ഫി​റ്റ്‌നസ് സർട്ടിഫിക്ക​റ്റ് വാങ്ങേണ്ടതുണ്ട്.

 ആശങ്ക ബാക്കി

എയ്ഡഡ് സ്‌കൂളുകളിൽ സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഫണ്ട് കൂടാതെ എസ്.എസ്.എയിൽ നിന്നുള്ള സഹായവും അ​റ്റകു​റ്റപ്പണികൾക്കായി വിനിയോഗിക്കുന്നു. മാനേജ്‌മെന്റ് സ്‌കൂളുകളിൽ അ​റ്റകു​റ്റപ്പണികൾക്ക് മാനേജ്‌മെന്റിന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്. തുറക്കുന്നതിന് മുമ്പ് ഇത്തരം ഫണ്ടുകൾ കണ്ടെത്തുന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്.