kaithari-postal-cover-in
കൈത്തറിയുടെ പ്രത്യേക പോസ്റ്റൽ കവറിന്റെ പ്രകാശനം സെൻട്രൽ റിജിയൻ പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് നിർവഹിക്കുന്നു

പറവൂർ: കൈത്തറി വസ്ത്രങ്ങൾക്ക് പാരമ്പര്യം ഏറെയുള്ള ചേന്ദമംഗലം കൈത്തറിക്ക് ആദരവുമായി തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ കവർ പുറത്തിറക്കി. കവറിന്റെ മുൻവശത്ത് കൈത്തറി മുണ്ട്, നൂൽകെട്ടുകൾ ഉൾപ്പെടുന്ന തറിയുടെ ഭാഗങ്ങൾ, കൈത്തറി മുദ്ര എന്നിവയുടെ വർണചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഭൗമശാസ്ത്ര സൂചിക പദവി ലഭിച്ച കൈത്തറിയുടെ ലഘുചരിത്രം ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ചിട്ടുണ്ട്. ആയിരം കവറാണ് വിതരണം ചെയ്യുന്നത്. ഇരുപത് രൂപയാണ് വില. കവറിൽ അഞ്ച് രൂപയുടെ സ്റ്റാമ്പുണ്ടാകും. ചേന്ദമംഗലം പോസ്റ്റാഫീസിൽ 16, 18 തീയതികളിൽ കവർ ലഭിക്കും. ഈ ദിവസങ്ങളിൽ കവറിൽ കത്തുകൾ അയക്കാൻ സാധിക്കും. സെൻട്രൽ റിജിയൻ പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ് പ്രകാശനം ചെയ്തു. പോസ്റ്റൽ സീനിയർ സൂപ്രണ്ട് ശിവദാസൻ പിള്ള അധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ, ചേന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ, പഞ്ചായത്ത് അംഗം വി.യു. ശ്രീജിത്ത്, കൈത്തറി സംഘം പ്രസിഡന്റ് എ.ഇ. ദാസൻ, സെക്രട്ടറി ഒ.ബി. ധന്യ, പി.എ. സോജൻ തുടങ്ങിയവർ പങ്കെടുത്തു.