കൊച്ചി: വടുതല ബണ്ടുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കുന്നതിലെ കൂടുതൽ അപാകതകൾ പുറത്ത്. സ്ഥലത്ത് സന്ദർശനം നടത്തി റെയിൽവേ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ട് ദുരന്തനിവാരണ വിഭാഗത്തിലെ ഫയലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ജൂലായ് ഏഴിനാണ് റെയിൽവേ റിപ്പോർട്ട് നൽകിയത്. പ്രശ്‌നത്തിൽ സജീവ ഇടപെടൽ നടത്തുന്ന സോഷ്യൽ വെൽഫെയർ ആക്ഷൻ സൈറ്റി (സ്വാസ്) അംഗങ്ങൾ സെപ്തംബറിൽ ഫയലുകൾ പരിശോധിക്കാനെത്തിയപ്പോഴാണ് ഈ റിപ്പോർട്ട് ഇവിടെയില്ല എന്ന് വ്യക്തമായത്.
റിപ്പോർട്ട് കാണാതിരുന്നതിനെത്തുടർന്ന് സ്വാസ് ഒന്നാം അപ്പലേറ്റ് അതോറിറ്റിക്ക് പരാതി സമർപ്പിച്ചു. ഇതിന് മറുപടിയായാണ് റെയിൽവേയുടെ റിപ്പോർട്ട് അയച്ചു നൽകിയത്.
നേരത്തെ, നിർമ്മാണ കമ്പനിയായ അഫ്‌കോൺസ് ബണ്ട് നീക്കണമെന്നും നടപടികൾ കളക്ടർ നേരിട്ടെത്തി പരിശോധിക്കണമെന്നുമുള്ള വിധിയും ഫയലിൽ സൂക്ഷിച്ചിരുന്നില്ല. ഇതും രണ്ടാമത് പ്രത്യേകമായി അയച്ചു നൽകുകയായിരുന്നു. ഇതിന്റെ വിവരങ്ങൾ തേടിയെങ്കിലും ലഭ്യമല്ലെന്നായിരുന്നു ആദ്യ മറുപടി. കളക്ടറേറ്റിലെ തന്നെ മറ്റൊരു സെക്ഷനിൽ നടത്തിയ അന്വേഷണത്തിലാണ് ഉത്തരവ് ഉൾപ്പെടുത്തിയ ഫയൽ കണ്ടെത്തിയത്.

 ബണ്ട് പ്രശ്‌നത്തിലെ ഫയൽ സൂക്ഷിപ്പിൽ അപാകതകളുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. പരാതിപ്പെട്ടാൽ മാത്രമേ വിവരം ലഭിക്കൂ എന്ന അവസ്ഥ പരിതാപകരമാണ്.

ജേക്കബ് സന്തോഷ്, സ്വാസ്