കോലഞ്ചേരി: കോലഞ്ചേരി ബൈപ്പാസ് സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ബൈപ്പാസിന്റെ സാദ്ധ്യതാപഠനത്തിൽ 30കോടിരൂപ ചെലവ് വരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫണ്ടിന്റെ ലഭ്യത ഉറപ്പുവരുത്തിയശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. കോലഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് അനിവാര്യമാണെന്ന് സബ്മിഷൻ ഉന്നയിച്ച് എം.എൽ.എപറഞ്ഞു.

നിരവധി വാണിജ്യവ്യവസായ വിദ്യാഭ്യാസ, ആരോഗ്യസർക്കാർ സ്ഥാപനങ്ങളാണ് കോലഞ്ചേരിയിലുള്ളത്. ഇതിനു പുറമേ ദേശീയപാതയ്ക്ക് കോലഞ്ചേരി ടൗണിലുള്ള വീതി 8 മീ​റ്റർ മാത്രമാണ്. ഇതും ഗതാഗതക്കുരുക്കിന് കാരണമാണ്. ഇതിന് പരിഹാരമായാണ് ദേശീയപാതയിലെ പത്താംമൈൽമുതൽ കടമ​റ്റം നമ്പ്യാർപടി വരെയുള്ള ആറുകിലോമീ​റ്റർ സമാന്തര ബൈപ്പാസ് കൊണ്ടുദ്ദേശിക്കുന്നതെന്നും എം എൽ.എ ചൂണ്ടിക്കാട്ടി.