മൂവാറ്റുപുഴ: പ്രകൃതി ദുരന്തത്തിൽ മണ്ണിടിഞ്ഞ ആരക്കുഴ പഞ്ചായത്തിലെ മീങ്കുന്നം, മൂവാറ്റുപുഴ നഗരസഭയിലെ കോർമലകുന്ന് എന്നിവിടങ്ങൾ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. ആറൂരിൽ മണ്ണിടിഞ്ഞ് ഭാഗികമായി തകർന്ന വീടുകൾക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. വീടുകൾ തകർന്ന് അപകടാവസ്ഥയിലായ പ്രദേശങ്ങൾ എം.പി സന്ദർശിച്ചു. ശക്തമായ മഴയിൽ പത്താം വാർഡിലെ ആറുർ കോളനി റോഡിന്റെ വശങ്ങളിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായി. മണി വിപത്രയിൽ, ജിൽബി സിബി ആഞ്ഞിലിവിളയിൽ, സിസിലി ജോർജ് പള്ളിപ്പറമ്പിൽ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മണ്ണിടിച്ചിലിൽ മരങ്ങൾ വീണാണ് വീടുകൾ തകർന്നത്. റോഡിനോട് ചേർന്നുള്ള കരിങ്കൽകെട്ട് ഇടിഞ്ഞു പോയതു മൂലം പല വീടുകളും ഏതു നിമിഷവുംതകരാവുന്ന രീതിയിൽ അപകടാവസ്ഥയിലാണ്.

കോർമ്മലയെ ദുരന്തമുഖത്ത് നിന്ന് സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൽ സലാം, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.