പറവൂർ: പൊക്കാളി നെൽക്കൃഷിയുടെ ഗതകാല സ്മരണകൾ വീണ്ടെടുത്ത് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വലിയ കൊടവക്കാട് കെട്ടിൽ പൊക്കാളി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വർഷങ്ങളായി തരിശുകിടന്ന പതിനഞ്ച് ഹെക്ടർ സ്ഥലത്താണ് വിളവിറക്കിയത്. പോയകാല നെൽക്കൃഷി നന്മയുടെ വീണ്ടെടുക്കലാണ് കോട്ടുവള്ളിയിലെ വലിയ കൊടവക്കാട് കെട്ട്. ജലസേചന സംവിധാനത്തിലെ അപചയങ്ങളും കൃത്യതയില്ലാത്ത വിപണി സംവിധാനവും തൊഴിലാളികളുടെ കുറവും പൊക്കാളി കൃഷിയെ പ്രതിസന്ധിയിലെത്തിച്ചു. നഷ്ടങ്ങൾ മാത്രം ലഭിച്ചുകൊണ്ടിരുന്ന നെൽക്കൃഷി ഉപേക്ഷിച്ച് പൊക്കാളിപ്പാടങ്ങൾ മത്സ്യക്കൃഷിക്കും അനുബന്ധക്കൃഷികൾക്കും വഴിമാറി. കൃഷി വകുപ്പും പഞ്ചായത്തും കർഷർക്ക് സഹായമായ പദ്ധതികൾ തയ്യറാക്കിയതോടെ പൊക്കാളിക്കൃഷി തിരിച്ചുവരുകയാണ്. പ്രതിസന്ധികളെ അതിജീവിച്ച് വലിയ കൊടവക്കാട് കെട്ടിൽ കതിർ വിളയിച്ചത് മുണ്ടോൻ തുരുത്ത് പൊക്കാളി പാടശേഖര സമിതിയിലെ ഒരു കൂട്ടം കർഷകരാണ്. പരിസ്ഥിതി പ്രവർത്തകനും കൂനമ്മാവ് സെന്റ് ജോസഫ് ബോയിസ്ഹോം ഡയറക്ടറുമായ ഫാ. സംഗീത് ജോസഫ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷാജിയുടെ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു, ജനപ്രതിനിധികളായ സെബാസ്റ്റ്യൻ തോമസ്, ജെൻസി തോമസ്, പ്രഷീല ബെന്നി, കാർഷിക വികസന സമിതി അംഗങ്ങളായ വി.ശിവശങ്കരൻ നായർ, സോമസുന്ദരൻ, എൻ.എസ്.മനോജ്, കെ.ജി. രാജീവ് കുടുംബശ്രീ പ്രവർത്തകർ, കർഷകർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.