പറവൂർ: ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ വൈകിട്ട് പൂജവയ്പ്പിൽ ഒട്ടേറെപ്പേർ ക്ഷേത്രത്തിൽ പുസ്തകങ്ങൾ, ആയുധങ്ങൾ, വാദ്യോപകരണങ്ങൾ എന്നിവ പൂജയ്ക്കു വച്ചു. വിജയദശമി ദിനമായ 15ന് പുലർച്ചെ നാലിന് പൂജയെടുപ്പിന് ശേഷം വിദ്യാരംഭം ആരംഭിക്കും. നാലമ്പലത്തിന് പുറത്ത് പ്രത്യേക വിദ്യാരംഭ മണ്ഡപം ഒരുക്കിയിട്ടുണ്ട്. പ്രൊഫ. കെ.സതീഷ്ബാബു, പറവൂർ ജ്യോതിസ്, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ഐ.എസ്.കുണ്ടൂർ എം.കെ.രാമചന്ദ്രൻ, ഡോ. കെ.കെ.ബീന, ഡോ. വി. രമാദേവി, എസ്. വിനോദ്കുമാർ, ആനന്ദവല്ലി ഹരിശ്ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ മാടമന, എന്നിവരാണ് ഗുരുക്കന്മാർ. കുട്ടിയുമായി നിശ്ചിത അകലത്തിൽ ഗുരുനാഥൻ ഇരിക്കും. ഗുരുനാഥന്റെ നിർദേശപ്രകാരം രക്ഷിതാവ് കുട്ടിയെ എഴുത്തിനിരുത്തണം. കൊവിഡിന്റെ സാഹചര്യമായതിനാൽ ഒരു സമയം നാൽപത് പേരെ മാത്രമാണ് നാലമ്പലത്തിനകത്ത് പ്രവേശിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ അഷ്ടാഭിഷേകം, വൈകിട്ട് ആറരക്ക് ദേവീപൂജ എന്നിവ ഉണ്ടായിരിക്കും.