പറവൂർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടക്കേക്കര പട്ടണം ബാലഭദ്ര ക്ഷേത്രത്തിന് സമീപം ചക്കിലാംപറമ്പിൽ സോമന്റെയും ഭദ്ര യുടെയും മകൻ സന്ദീപാണ് (27) മരിച്ചത്. കഴിഞ്ഞ പതിനൊന്നിന് വൈകിട്ട് നാലിന് ചെറായി പാലത്തിന് സമീപമായിരുന്നു അപകടം. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല. സന്ദീപിന്റെ ബൈക്കിനെ മറികടന്ന ഓട്ടോറിക്ഷ മുട്ടിയതാണ് അപകടകാരണമെന്നാണ് ലഭ്യമായ വിവരമെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. റോഡിൽ പരിക്കേറ്റ് കിടന്ന സന്ദീപിനെ വഴിയാത്രക്കാരാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വെൽഡിംഗ് ജോലിക്കാരനായിരുന്നു. സഹോദരി: ശാരംഗ.