കൊച്ചി: പത്തുരൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന ജനകീയഹോട്ടലിന്റെ നടത്തിപ്പിന് കൊച്ചി കോർപ്പറേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ജനകീയ ഹോട്ടൽ നടത്തിപ്പിന്റെ പേരിൽ യാതൊരു നികുതിയും ഏർപ്പെടുത്തില്ല. ഇതുസംബന്ധിച്ച് നഗരവാസികൾക്കിടയിൽ ഉയർന്നിട്ടുള്ള സംശയങ്ങൾ അസ്ഥാനത്താണ്. എന്നാൽ ജനകീയഹോട്ടലിന്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാവിഭാഗങ്ങളുടെയും അകമഴിഞ്ഞ സഹകരണം ആവശ്യമാണ്. അതിനായി സംഭാവനകൾ നൽകാമെന്നും മേയർ പറഞ്ഞു.
ജനകീയ ഹോട്ടലിൽ നിന്ന് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 10, 350 ഊണ് പത്തുരൂപയ്ക്ക് നൽകി. മുപ്പതുരൂപയുടെ ഊണാണ് പത്തുരൂപയ്ക്ക് നൽകുന്നത്. പത്തുരൂപ സർക്കാർ നൽകുന്നതിനാൽ പത്തുരൂപ മാത്രമാണ് കോർപ്പറേഷന് നഷ്ടം. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ചാണ് ആ നഷ്ടം ഒഴിവാക്കുന്നത്. സംരംഭം വൻവിജയമായതോടെ സ്വദേശത്തും വിദേശത്തും നിന്ന് നിരവധി സഹായവാഗ്ദാനങ്ങൾ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പ്രത്യേക അക്കൗണ്ടിലേക്ക് സഹായങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

 സഹായങ്ങൾ അക്കൗണ്ടിലേക്ക്

സമൃദ്ധി @ കൊച്ചി എന്ന പേരിൽ ഫെഡറൽ ബാങ്കിന്റെ എറണാകുളം സൗത്ത് ശാഖയിൽ ആരംഭിച്ചിട്ടുള്ള അക്കൗണ്ടിലേക്കാണ് സഹായങ്ങൾ നൽകേണ്ടത്. അക്കൗണ്ട് നമ്പർ: 11530200024910. ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001153.

പാഴ്‌സലിന് നിയന്ത്രണം
കൂടുതൽ എണ്ണം പാഴ്‌സൽ ഒന്നിച്ചുവാങ്ങുന്ന പ്രവണത അനുവദിക്കില്ല. ഒന്നിച്ച് അത്രയേറെ പാഴ്‌സലുകൾ പത്തുരൂപാ നിരക്കിൽ നൽകാനാകില്ല. കൂടുതൽ പണം ഈടാക്കേണ്ടിവരും. ഒന്നോ രണ്ടോ പേർക്കോ ഒരു കുടുംബത്തിനോ ഭക്ഷണപ്പൊതി ഒന്നിച്ചുവാങ്ങുന്നതിൽ തെറ്റില്ല. മറ്റു പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ല.

വിപുലീകരണം പരിഗണനയിൽ
ഷീ ലോഡ്ജിനോട് ചേർന്നുള്ള സ്ഥലത്താണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. അതിനോട് ചേർന്ന് നഗരസഭയ്ക്ക് സ്ഥലമുണ്ട്. ആവശ്യമെങ്കിൽ ജനകീയഹോട്ടൽ വിപുലീകരണത്തിന് അത് ഉപയോഗിക്കാനാകും.സംരംഭം കാണുന്നതിനും ഊണ് ആസ്വദിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തുന്നതിന്റെ തിരക്കാണ് ഇപ്പോഴുള്ളത്. ഒരുമാസത്തെ പ്രവർത്തനം കഴിഞ്ഞാൽ യഥാർത്ഥ ചിത്രം കിട്ടും. ഉച്ചയൂണിന് പുറമെ പ്രാതലും വൈകാതെ തുടങ്ങും. മീൻ ഉൾപ്പെടെ വിഭവങ്ങളും നൽകാൻ ആലോചിക്കുന്നു. നഗരസഭയുടെ പത്തോളം ജനകീയ ഹോട്ടലുകൾക്ക് കേന്ദ്രീകൃത അടുക്കള എന്ന പദ്ധതിയും നടപ്പാക്കണം. പാഴ്‌സലിന് പ്രത്യേക കൗണ്ടർ വേണ്ടിവന്നേക്കുമെന്നും അതെല്ലാം ചിട്ടയോടും ശാസ്ത്രീയമായും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മേയർ പറഞ്ഞു