കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായ മുല്ലശേരി കനാലിന്റെ നവീകരണം സർക്കാരിന്റെ സാങ്കേതികാനുമതിയുടെ പേരിൽ വൈകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി ഇൗ വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടി. സംസ്ഥാന ദുരന്ത നിവാരണ വകുപ്പു സെക്രട്ടറിയെ ഹർജിയിൽ കക്ഷി ചേർത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒക്ടോബർ 22 നു വീണ്ടും പരിഗണിക്കാൻ മാറ്റി. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിലവിൽ മുല്ലശേരി കനാൽ ഇരുവശത്തേക്കും വെള്ളമൊഴുകുന്ന നിലയാണ്. ഇതു മൂലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം വെള്ളക്കെട്ട് രൂക്ഷമാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് കനാലിലെ ഒഴുക്ക് കായലിലേക്ക് മാത്രമാക്കിയാൽ പ്രശ്നം പരിഹരിക്കാനാവുമെന്നും പേരണ്ടൂർ കനാലിലേക്ക് കൂടുതൽ വെള്ളം എത്തുന്നത് തടയാൻ കഴിയുമെന്നും വിലയിരുത്തിയിരുന്നു. തുടർന്ന് മുല്ലശേരി കനാലിലെ ഒഴുക്ക് ക്രമീകരിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനു സർക്കാർ നൽകിയ സാങ്കേതികാനുമതിയുടെ ഒന്നാമത്തെ വ്യവസ്ഥ നിർമ്മാണ പ്രവർത്തനം തന്നെ തടസപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സാങ്കേതികാനുമതി കനാൽ നവീകരണം തടസപ്പെടുത്താൻ ഉള്ളതാണോയെന്നും ഹൈക്കോടതി ആരാഞ്ഞു.