cancercentre

കൊച്ചി: ഒമ്പത് മാസത്തെ സ്തംഭനത്തിനൊടുവിൽ കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കും. കരാറുകാരനെ നീക്കിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം പുതിയ കരാറുകാരന് പണി ആരംഭിക്കാൻ നിർദ്ദേശം നൽകി. കരാറുകാർ ഇന്ന് നിർമ്മാണജോലികൾ ആരംഭിക്കും.

ചെന്നൈയിലെ പി. ആൻഡ് സി പ്രോജക്ട്സ് സമർപ്പിച്ച ഹർജിയാണ് ഇന്നലെ ഉച്ചയോടെ ഹൈക്കോടതി തള്ളിയത്. പി. ആൻഡ് സിയെ പുറത്താക്കിയതിന് പിന്നാലെ പുതിയ ടെൻഡർ വിളിച്ച് പുതിയ കരാർ നൽകാൻ രാജസ്ഥാൻ ആസ്ഥാനമായ ജാഥൻ കൺസ്ട്രക്ഷൻസിനെ പദ്ധതിയുടെ നിർമ്മാണച്ചുമതല വഹിക്കുന്ന ഇൻകെൽ തിരഞ്ഞെടുത്തിരുന്നു. ഹൈക്കോടതിയിലെ കേസ് മൂലം വർക്ക് ഓർഡർ നൽകിയിരുന്നില്ല. വിധി വന്നയുടൻ വർക്ക് ഓർഡർ കൈമാറി ഇന്നു തന്നെ നിർമ്മാണം ആരംഭിക്കാൻ നിർദ്ദേശിച്ചതായി ഇൻകെൽ അധികൃതർ അറിയിച്ചു.

കരാറുകാരുടെ ജീവനക്കാർ ഇതുതന്നെ സ്ഥലത്തെത്തി നിർമ്മാണം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഒമ്പത് മാസം നിലച്ച നിർമ്മാണസ്ഥലം വൃത്തിയാക്കുകയാകും ആദ്യം ചെയ്യുക. നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും അടുത്ത ദിവസങ്ങളിൽ സ്ഥലത്തെത്തിക്കും. അതിവേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 60 ശതമാനം പണി ബാക്കി

2014 ആഗസ്റ്റ് 18 ന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിനോട് ചേർന്നാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ഏഴു വർഷം കഴിഞ്ഞെങ്കിലും 40 ശതമാനം പണികളാണ് പൂർത്തിയായത്. കരാറുകാരനെ നീക്കിയതു മൂലം ഒമ്പതുമാസം നിർമ്മാണം നിലച്ചു. ഗുണനിലവാരം കുറഞ്ഞ നിർമ്മാണവും കാലതാമസവും ചൂണ്ടിക്കാട്ടിയാണ് 2021 ജനുവരി 31 ന് കരാറുകാരനെ പദ്ധതിക്ക് ധനസഹായം നൽകുന്ന കിഫ്ബി നീക്കിയത്.

 പ്രതീക്ഷ, ആശ്വാസം

മദ്ധ്യകേരളത്തിലെ കാൻസർ രോഗികൾക്ക് ആശ്വാസം പകരുന്നതാണ് വിധിയും തുടർനടപടിയും. കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണമായി ലഭിക്കാൻ പുതിയ കെട്ടിം പൂർത്തിയാകേണ്ടത് അനിവാര്യമാണ്. ഇതോടെ പാവപ്പെട്ട കാൻസർ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാകും.

വിധിയും നടപടികളും സെന്ററിന് വേണ്ടി പ്രവർത്തിക്കുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് സ്വാഗതം ചെയ്തു. ഇൻകെലിന്റെ ചടുലനീക്കങ്ങൾ സ്വാഗതാർഹമാണെന്ന് ഡോ.എൻ.കെ. സനിൽകുമാർ പറഞ്ഞു.

 പുതിയ കരാറാകാരന് വർക്ക് ഓർഡർ നൽകി. കരാറുകാർ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. സൈറ്റ് ഒരുക്കുന്ന ജോലി ഇന്നാരംഭിക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇനി സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം."

ശശിധരൻ നായർ

മാനേജിംഗ് ഡയറക്ടർ

ഇൻകെൽ

വളരെ സന്തോഷം. ഇനിയെങ്കിലും ഭംഗിയായി നിർമ്മാണം മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നു."

പ്രൊഫ.എം.കെ. സാനു

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ്