കൊച്ചി: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിക്കുന്ന ജീവൻരക്ഷാ വിഭാഗമാണ് സംസ്ഥാന അഗ്നിരക്ഷാ സേനയെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു.

വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും സേനാ ഡയറക്ടർ ജനറലിന്റെയും മെഡൽ നേടിയ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരെ ആദരിക്കാൻ കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച 'രക്ഷകർക്ക് ആദരം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എണ്ണക്കമ്പനികളും കൂറ്റൻ കെട്ടിടങ്ങളുമൊക്കെയുള്ള കൊച്ചിയിൽ ഉൾപ്പെടെ പരിമിതമായ ഉപകരണങ്ങളുമായാണ് സേന പ്രവർത്തിച്ചിരുന്നത്. ബ്രോഡ്‌വേയിൽ ഉൾപ്പെടെ അടിക്കടിയുണ്ടാകുമായിരുന്ന അഗ്നിബാധ ശമിപ്പിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടായിരുന്നില്ല. 2011ൽ എം.എൽ.എ എന്ന നിലയിൽ കേരള നിയമസഭയിൽ ആദ്യം അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ അഗ്നിസുരക്ഷാ വിഭാഗത്തിന്റെ ആധുനികവത്കരണത്തെക്കുറിച്ചായിരുന്നു. ഉയർന്ന കെട്ടിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് സ്കൈലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വേണമെന്ന ആവശ്യം ഇന്നും പൂർണമായി നിറവേറ്റപ്പെട്ടിട്ടില്ല.

കഴിഞ്ഞയാഴ്ച കലൂരിൽ മതിൽ തകർന്നുവീണ സ്ഥലത്തേക്ക് പരിമിതികൾ വകവയ്ക്കാതെ കുതിച്ചെത്തി ധീരമായി പ്രവർത്തിച്ച മുഴുവൻ അഗ്നിരക്ഷാ സേനാംഗങ്ങളെയും എം.പി. അഭിനന്ദിച്ചു. അന്ന് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടെങ്കിലും രണ്ടുപേരെ രക്ഷിക്കാനായത് സേനയുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ്. സേനയുടെ നവീകരണത്തിനും തുടർന്നുള്ള പ്രവർത്തനങ്ങൾക്കും എം.പിയെന്ന നിലിയൽ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ ബി. സന്ധ്യ മുഖ്യസന്ദേശം നൽകി. റീജിയണൽ ഫയർ ഓഫീസർ കെ.കെ. ഷിജു, ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി എന്നിവർ സംസാരിച്ചു. കേരളകൗമുദി ന്യൂസ് എഡിറ്റർ ആർ. ലെനിൻ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറഞ്ഞു.