പെരുമ്പാവൂർ: വാഴക്കുളം കുന്നുകുഴിയിൽ കൊറിയറിലൂടെ വന്ന കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർകൂടി പിടിയിൽ. കോട്ടപ്പടി കൊള്ളിപറമ്പ് റോഡ് മേൽഭാഗത്ത് വീട്ടിൽ ജിനു ജോർജ് (24), തൃക്കാരിയൂർ അയിരൂർപാടം കാരക്കുഴി വീട്ടിൽ സജ്മൽ യൂസഫ് (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
ആന്ധ്രയിൽനിന്ന് കൊറിയർവഴി എത്തിച്ച 31 കിലോ കഞ്ചാവുമായി തിങ്കളാഴ്ച രണ്ടുപേരെ പ്രത്യേക ടീം പിടികൂടിയിരുന്നു. തുടർന്ന് പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. വിശാഖപട്ടണത്തുനിന്നും കഞ്ചാവ് പണംകൊടുത്ത് വാങ്ങിയവരിൽ ഒരാളാണ് ജിനു ജോർജ്. ഇയാളുടെ പേരിൽ കേരളത്തിനകത്തും പുറത്തും കഞ്ചാവ് കൈവശംവച്ചതിനും കോതമംഗലത്ത് അടിപിടി ഉണ്ടാക്കിയതിനും കേസുണ്ട്. കൊറിയറായി വന്ന കഞ്ചാവ് പാർസലിൽ ഒന്ന് സജ്മൽ യൂസഫിന്റെ പേരിലാണ് വന്നത്. അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.