കൊച്ചി: '101' വെറുമൊരു സംഖ്യയല്ല, ജീവിതം തിരിച്ചുപിടിക്കാനുള്ള വലിയ രക്ഷാമാർഗമാണെന്ന് അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ ബി. സന്ധ്യ പറഞ്ഞു.

വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും സേനാ ഡയറക്ടർ ജനറലിന്റെയും മെഡൽ നേടിയ എറണാകുളം ജില്ലയിലെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥരെ ആദരിക്കാൻ കേരളകൗമുദി കൊച്ചി യൂണിറ്റ് സംഘടിപ്പിച്ച 'രക്ഷകർക്ക് ആദരം' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. തിരുവനന്തപുരത്തെ ഫയർഫോഴ്സ് ആസ്ഥാനമന്ദിരത്തിൽനിന്ന് ഓൺലൈനിലൂടെയാണ് ബി.സന്ധ്യ ചടങ്ങിനെ അഭിസംബോധന ചെയ്തത്.

കേരളത്തിലെ ബഹുഭൂരിപക്ഷം പേർക്കും അടിയന്തരഘട്ടത്തിൽ അഗ്നിരക്ഷാ സേനയെ വിളിക്കാനുള്ള ടോൾഫ്രീ നമ്പർ അറിയില്ല. സുരക്ഷയുടെ കാര്യത്തിൽ പൊതുജനങ്ങൾക്കും ശരിയായ അവബോധമുണ്ടെങ്കിൽ ജീവൻരക്ഷാദൗത്യം കൂടുതൽ എളുപ്പത്തിലാകും. ഇത്തരം വിഷയങ്ങൾ സ്കൂൾ സിലബസ് മുതൽ ഉൾപ്പെടുത്തി സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

സേനയുടെ നവീകരണത്തിന് റോബോട്ടിക് ഫയർ ഫൈറ്റർ പോലുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങാൻ ശ്രമം നടത്തിവരികയാണ്. അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാൻ പ്രാഥമിക നടപടികൾ ആരംഭിച്ചു.

പരിമിതികൾ ഏറെയുണ്ടെങ്കിലും സംസ്ഥാനത്തെ അഗ്നിരക്ഷാസേനയുടെ പ്രവ‌ർത്തനത്തിൽ പൊതുജനങ്ങൾക്കിടയിൽ നല്ല മതിപ്പുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ സേനയെ വിളിച്ചിട്ടുള്ള 90 ശതമാനം ആളുകളും നിറഞ്ഞ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്. സേനയുടെ ത്യാഗവും സേവനവും തിരിച്ചറിഞ്ഞ് ആദരിക്കാൻ തീരുമാനിച്ച കേരളകൗമുദിയുടെ സന്മസിന് നന്ദിയുണ്ടെന്നും ബി.സന്ധ്യ പറഞ്ഞു.