കൊച്ചി: വീടുവിട്ടിറങ്ങിയ സഹോദരിമാരിൽ ഒരാളെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളെ വിട്ടയക്കുകയും കേസിൽ സഹോദരങ്ങളെ പ്രതിചേർക്കാതിരിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടികളുടെ മാതാപിതാക്കളോട് അഞ്ചുലക്ഷം ആവശ്യപ്പെട്ട സംഭവത്തിൽ സമഗ്രാന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാതാപിതാക്കളുടെ മൊഴിരേഖപ്പെടുത്തി. മൂന്ന് സഹോദരന്മാരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയിൽനിന്ന് വിവരം ശേഖരിച്ചു. ചെരിപ്പ് വ്യാപാരവുമായി ബന്ധപ്പെട്ട് 15വർഷമായി എറണാകുളത്ത് താമസിക്കുന്ന ഉത്തരേന്ത്യക്കാരായ കുടുംബമാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഒരു എ.എസ്.ഐയടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് യുവതികളുടെ തിരോധാനക്കേസ് അന്വേഷിച്ചത്. എ.എസ്.ഐ പണം ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
മാതാപിതാക്കളുടെ പരാതി
• ഓൺലൈൻ പഠനത്തിനായി നൽകിയ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായ 17കാരി പതിനാലുകാരിയായ സഹോദരിയെ ഒപ്പംകൂട്ടി കഴിഞ്ഞ ആഗസ്റ്റിൽ വീടുവിട്ടിറങ്ങി
• നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കുട്ടികളുടെ ന്യൂഡൽഹിയിലെ ലൊക്കേഷൻ മാത്രമേ നൽകിയുള്ളു. മക്കൾക്കായി ന്യൂഡൽഹിയിലെത്തി അവിടുത്തെ പൊലീസിൽ പരാതിനൽകി.
• ന്യൂഡൽഹി പൊലീസിന്റെ ആവശ്യപ്രകാരം നോർത്ത് പൊലീസിനെ വിമാനടിക്കറ്റ് എടുപ്പിച്ച് അവിടെ എത്തിച്ചു. അന്വേഷണത്തിൽ പെൺകുട്ടികളെ കണ്ടെത്തി. കടത്തിക്കൊണ്ടുപോയ ന്യൂഡൽഹി സ്വദേശികളായ സുബൈറിനെയും ഫിസാനെയും പിടികൂടി.
• മൂത്തപെൺകുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. സുബൈറിനെമാത്രം അറസ്റ്റുചെയ്ത പൊലീസ് ഫിസാനെ വിട്ടയച്ചു.
• നാട്ടിലെത്തിയശേഷം സഹോദരിയെ പീഡിപ്പിച്ചെന്ന് കാട്ടി 21 ഉം 20 പ്രായമുള്ള ആൺമക്കളെ അറസ്റ്റുചെയ്തു. കേസിൽനിന്ന് രക്ഷപെടുത്താൻ പൊലീസ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടു.
പൊലീസ് പറയുന്നത്
• പെൺകുട്ടികളുടെ ലോക്കേഷൻ ആദ്യം ന്യൂഡൽഹിയും പിന്നീട് നിസാമുദ്ദീനും കാണിച്ചു. ഇത് കാശ്മീർ ഭാഗത്തേക്ക് നീങ്ങിയതോടെയാണ് വിമാനമാർഗം ന്യൂഡൽഹിയിലെത്തിയത്
• കുട്ടികളെ കണ്ടെത്തി അവിടെ ചൈൽഡ്ലൈൻ മൊഴി രേഖപ്പെടുത്തി. ഇതിൽ സഹോദരന്മാർ തങ്ങളെ പീഡിപ്പിച്ചതായി കുട്ടികൾ വെളിപ്പെടുത്തി
• തിരിച്ചെത്തി സഹോദരങ്ങളെ അറസ്റ്റുചെയ്തു. 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രണ്ടുപേരെയും ചൈൽഡ് ഹോമിലേക്ക് മാറ്റി
•13 വയസുമുതൽ സഹോദരങ്ങൾ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്. ഇത് സഹിക്കാനാകാത്തതുകൊണ്ടാണ് സഹോദരിക്കൊപ്പം വീടുവിട്ടത്
കുടുംബത്തിന്റെ ചെലവിൽ പൊലീസ് ന്യൂഡൽഹിയിൽ പോയിട്ടുണ്ടെങ്കിൽ തെറ്റാണ്. വസ്തുതയുണ്ടെന്ന് കണ്ടാൽ നടപടിയെടുക്കും
സി.എച്ച്. നാഗരാജു,
കമ്മിഷണർ,
കൊച്ചി സിറ്റി