കൊച്ചി: പീഡനക്കേസുകളിലെ ഇരകളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാനാവുമെന്ന് ഡി.ജി.പി ഉൾപ്പെടെയുള്ളവർ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇത്തരം കേസുകളിലെ ഇരകൾക്ക് എങ്ങനെ സംരക്ഷണം നൽകണമെന്ന് ഡി.ജി.പിയുടെ സർക്കുലർ നിലവിലുണ്ടെങ്കിലും ഇതു ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി വാക്കാൽ കുറ്റപ്പെടുത്തി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഒാഫീസറും ഒരു സിവിൽ പൊലീസ് ഒാഫീസറും പീഡനക്കേസിലെ പ്രതിക്കുവേണ്ടി ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ഇരയായ യുവതി നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇൗ നിർദ്ദേശം നൽകിയത്.

പരാതിക്കാരി ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇവർക്ക് സംരക്ഷണം നൽകാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോപണ വിധേയരെ മാറ്റിനിറുത്തി വനിതകൾ ഉൾപ്പെടെ ഇതര സ്റ്റേഷനുകളിലെ പൊലീസുകാരെ സംരക്ഷണത്തിന് നിയോഗിക്കാവുന്നതാണെന്നും വ്യക്തമാക്കി. പീഡനക്കേസുകളിലെ പ്രതികളും ഇവരുടെ കൂട്ടാളികളും തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കാണിച്ച് കോടതിക്ക് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. പീഡനക്കേസുകളിലെ ഇരകൾക്ക് സംരക്ഷണം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഇവരുടെ സുരക്ഷക്ക് അടിയന്തര നടപടി ആവശ്യമാണെന്നും വ്യക്തമാക്കി.