തൃപ്പൂണിത്തുറ: പുത്തൻ പ്രതീക്ഷയോടെ സ്വപ്നങ്ങൾ നെയ്യുകയാണ് സാബു ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ഉദയംപേരൂർ സ്വദേശി സാബു. കൊ വിഡ് പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട തൊഴിലാളികളിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളും ജീവനക്കാരും .ഇപ്പോൾ എല്ലാം സാധാരണ നിലയിലേക്ക് വരാൻ തുടങ്ങി. അതോടെ ഇവരും ഉണരുകയാണ്. അടുത്ത് തന്നെ മണ്ഡലകാലം വരുന്നതോടെ അയ്യപ്പക്ഷേത്രങ്ങൾ ഉത്സവങ്ങൾക്കായി സജ്ജമാകും. പിന്നീട് തൃപ്പൂണിത്തുറയിലെയും നടക്കാവിലെയും പ്രധാനക്ഷേത്രങ്ങളും മുളന്തുരുത്തി, ഉദയംപേരൂർ പള്ളിപെരുന്നാളും സമുചിതമായി വരും മാസങ്ങളിൽ ആഘോഷിക്കുമെന്നാണ് അറിയുന്നത്.
ഫോർട്ടുകൊച്ചിയിലെ കാർണിവെല്ലിലും സാബുവിന്റെ ശബ്ദവും വെളിച്ചവുമാണ് ഉപയോഗിച്ചത്. എൽ.ഇ.ഡി. വാളിന് സമാനമായി വിവിധ ദൈവരൂപങ്ങൾ മിന്നി മറയുന്ന അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് സാബു ഇപ്പോൾ. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഈ മേഖലയിലെ തൊഴിലാളികൾക്ക് അല്പം ആശ്വാസമായെങ്കിലും ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾ കൂലിയും സാധനങ്ങളുടെ വാടകയും നൽകാതെ ചിലരെ ബാദ്ധ്യതക്കാരാക്കിയെന്നും സാബു പറയുന്നു.