കൊച്ചി: കേരളത്തിലെ അഗ്നിരക്ഷാസേനയുടെ ഭാഗമായ സിവിൽ ഡിഫൻസിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി പറഞ്ഞു.

സേനയിലെ ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ സിവിൽ ഡിഫൻസ് യാതൊരു പ്രതിഫലവുമില്ലാതെയാണ് സേവനം അനുഷ്ഠിക്കുന്നത്. അഗ്നിരക്ഷാസേനയുടെ ഏറ്റവും വലിയ പോരായ്മ മാനവ വിഭവശേഷിയുടെ അപര്യാപ്തതയാണ്. അതിന് പൊതുസമൂഹത്തിൽനിന്നു തന്നെ കരുത്തരായ ആളുകളെ പരിശീലിപ്പിച്ച് സേനയുടെ ഭാഗമാക്കാൻ സാധിച്ചത് വലിയ നേട്ടമായി. അതുപോലെ രാജ്യത്തെ ഏറ്റവും മികച്ച സ്കൂബ ടീം ഇന്ന് കേരളത്തിലാണ്. ഫോർട്ടുകൊച്ചിയിൽ പുതുതായി ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളുള്ള അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയവരാണ് സ്കൂബ ടീം. മുമ്പൊക്കെ വലിയ ജലദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാവികസേനയുടെ സേവനം തേടുന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്ന് ഏത് കഠിനമായ രക്ഷാദൗത്യവും ഏറ്റെടുക്കാനുള്ള ശേഷി അഗ്നിരക്ഷാസേനയ്ക്കുണ്ട്.

ജീവൻ പണയപ്പെടുത്തി ജോലിചെയ്താലും അർഹമായ മാദ്ധ്യമശ്രദ്ധ ലഭിക്കാത്തവരാണ് അഗ്നിരക്ഷാസേന. ആദരവിന് വേണ്ടി ജോലിചെയ്യുന്ന വിഭാഗം അല്ലെങ്കിലും സമൂഹത്തിന്റെ പ്രോത്സാഹനമുണ്ടെങ്കിൽ കൂടുതൽ കർമ്മോത്സുകരാകാൻ സാധിക്കും - അദ്ദേഹം പറഞ്ഞു.