കൊച്ചി: ചിരിച്ചും കരഞ്ഞും നാവിൽ അറിവിന്റെ മാധുര്യം ഗുരുവിൽനിന്ന് സ്വീകരിച്ചും അരിയിൽ ഹരിശ്രീ കുറിച്ചും കുരുന്നുകൾക്ക് ശുഭവിദ്യാരംഭം. കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയനും കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രട്രസ്റ്റും സംയുക്തമായി ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം ഭക്തിസാന്ദ്രമായി.
തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്സ്‌മാനും ഹൈക്കോടതി മുൻ ജഡ്‌ജിയുമായ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ, മട്ടലിൽക്ഷേത്രം മേൽശാന്തി എൻ.പി. ശ്രീരാജ് എന്നിവരായിരുന്നു ഗുരുക്കന്മാർ. സരസ്വതി മണ്ഡപത്തിൽ ഒരുക്കിയ ചടങ്ങിൽ നിരവധി കുട്ടികൾ വിദ്യാരംഭം കുറിച്ചു. നിറഞ്ഞ ചിരിയോടെ നാവിൽ തേൻതൊട്ട് ആദ്യക്ഷരം കുറിച്ചവർ മുതൽ വായതുറക്കാനും അരിയിലെഴുതാൻ മടിച്ച് കരഞ്ഞവരും ഗുരുക്കന്മാരുടെ സ്നേഹത്തിന് വഴങ്ങി ആദ്യക്ഷരം കുറിച്ചു. മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, മാനേജർ സി.വി. വിശ്വൻ, എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ സെക്രട്ടറി ടി.എൻ. രാജീവ്, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭുവാര്യർ, ന്യൂസ് എഡിറ്റർ ആർ. ലെനിൻ, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, ഡി.ജി.എം (മാർക്കറ്റിംഗ് ) റോയി ജോൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.