ആലുവ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിക്കാനെത്തി. ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തന്റെ നേതൃത്വത്തിൽ പ്രത്യേക നവരാത്രി പൂജകൾക്ക് ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്.
എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നിരവധി ഭക്തർ ദർശനത്തിനെത്തി. ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് മോഹനന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. പിന്നീട് സരസ്വതി പൂജ, വിദ്യാമന്ത്രഗോപാലാർച്ചന, പൂജയെടുപ്പ്, വാഹനപൂജ എന്നിവയും നടന്നു. എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റ് അനീഷ് കുമാർ, സെക്രട്ടറി സി.ഡി. സലിലൻ, ദേവസ്വം മാനേജർ പ്രേമൻ പുറപ്പേൽ എന്നിവർ നേതൃത്വം നൽകി. എടയപ്പുറം നാദശ്രീ സംഗീത കലാലയത്തിന്റെ നവരാത്രി ആഘോഷം എസ്.എൻ.ഡി.പി ശാഖ ഹാളിൽ നടന്നു. സംഗീതാർച്ചന വിദ്യാരംഭം എന്നിവയും നടന്നു. സംഗീതാദ്ധ്യാപകൻ എം.ബി. അനിൽ നേതൃത്വം നൽകി.
കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് മേൽശാന്തി സൗമിത്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി ടി. സന്തോഷ്, മണി, ശിവകുമാർ, രാജേഷ്, പി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.