കൊച്ചി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സൗത്ത് ഡിവിഷനിൽനിന്ന് അഭിമാനകരമായ വിജയം നേടിയതിന്റെ ആഹ്ളാദം മായുംമുമ്പാണ് മിനി ആർ.മേനോന് കാൻസറാണെന്ന് കണ്ടെത്തിയത്. നടുവേദനയിലായിരുന്നു തുടക്കം. യു.ഡി.എഫിന്റെ ഡിവിഷനായ സൗത്തിൽനിന്നാണ് ഇവർ അട്ടിമറി വിജയം നേടിയത്. കൗൺസിലിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മറ്റ് നാല് ബി.ജെ.പി കൗൺസിലർമാർക്ക് ഒപ്പം മിനി പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ആശുപത്രിയിൽ അഡ്‌മിറ്റായത്.
സ്ഥിരംസമിതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി ഇവർ ആശുപത്രിയിൽ നിന്നാണ് കൗൺസിലിലെത്തിയത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ ഒരു സ്ഥിരംസമിതിയുടെ അദ്ധ്യക്ഷസ്ഥാനവും ബി.ജെ.പിക്ക് ലഭിച്ചു. ഇതിനിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മിനി കൗൺസിലിൽനിന്ന് ദീർഘകാല അവധിയെടുത്തു. ഒരൊറ്റ കൗൺസിൽ യോഗത്തിൽ പോലും പങ്കെടുക്കാനും ഇവർക്ക് കഴിഞ്ഞില്ല.
ബി.ജെ.പിയുടേയും സംഘപരിവാർ പ്രസ്ഥാനങ്ങളുടേയും സജീവ പ്രവർത്തക എന്ന നിലയ്ക്ക് നഗരത്തിൽ സുപരിചിതയായ മിനി ആർ. മേനോൻ പരേതനായ തത്തംപിള്ളിൽ പരമേശ്വര മേനോന്റെ കൊച്ചുമകളും നടുവിലേടത്ത് വീട്ടിലെ രഘുനന്ദനന്റെയും കൊടക്കാട്ട് വീട്ടിൽ ജയയുടേയും മകളുമാണ്. മഹാരാജാസ് കോളേജിലെ പൂർവവിദ്യാർത്ഥിനിയാണ്. വിവാഹശേഷം ഭർത്താവ് കൃഷ്ണകുമാറിനൊപ്പം ദുബായിലേക്ക് പോയി. ഹോണ്ടാ മോട്ടോഴ്‌സ് ജീവനക്കാരിയായിരുന്നു.
വിട പറയുന്നത്
രണ്ടാമത്തെ കൗൺസിലർ
കൊച്ചി കോർപ്പറേഷന്റെ നിലവിലെ കൗൺസിലിൽനിന്ന് വിട്ടുപിരിയുന്ന രണ്ടാമത്തെ കൗൺസിലറാണ് മിനി ആർ.മേനോൻ. കടവന്ത്ര ഗാന്ധിനഗർ ഡിവിഷൻ കൗൺസിലർ കെ.കെ. ശിവൻ കഴിഞ്ഞ ഏപ്രിലിൽ
കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മിനി ആർ.മേനോന്റെ അപ്രതീക്ഷിത വിയോഗം.
മേയർ അനുശോചിച്ചു
മിനി ആർ. മേനോന്റെ വിയോഗത്തിൽ മേയർ അനുശോചിച്ചു. മാന്യമായ പെരുമാറ്റവും സ്‌നേഹസമ്പൂർണമായ ഇടപെടലുംകൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ ഏവരുടെയും മനംകവർന്ന ജനപ്രതിനിധിയായിരുന്നു മിനി. കൗൺസിലറായി ചുമതലയേറ്റ് അധികം വൈകുന്നതിന് മുമ്പ് കാൻസർ ബാധിതയായെങ്കിലും രോഗത്തോട് ധീരമായി പോരാടുകയായിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മേയർ അറിയിച്ചു.