പറവൂർ: വിദ്യാരൂപിണിയായ സരസ്വതിദേവിയെ വണങ്ങി അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകളെത്തി. ദേവീസന്നിധിയിൽ ഗുരുക്കന്മാരിൽനിന്ന് നാവിൻ തുമ്പിൽ ഹരിശ്രീ ഏറ്റുവാങ്ങിയും അരിമണികളിൽ അക്ഷരമെഴുതിയും കുട്ടികൾ അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവെച്ചു. ക്ഷേത്രത്തിൽ 1450 കുരുന്നുകൾ ഹരിശ്രീ കുറിച്ചു.
പുലർച്ചെ പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. അഷ്ടാഭിഷേകം, സരസ്വതിപൂജ, ശീവേലി, പന്തീരടി പൂജക്ക് ശേഷം പൂജയെടുത്തു. വിദ്യാദേവതയായ സരസ്വതി ചൈതന്യം ശ്രീകോവിലിൽനിന്ന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചതിനുശേഷം മേൽശാന്തി എസ്. വെങ്കിട്ടൻ, കീഴ്ശാന്തി കെ.വി. വിജേഷ് എന്നിവരുടെ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. പ്രൊഫ.കെ. സതീശബാബു, പറവൂർ ജ്യോതിസ്, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ഐ.എസ്.കുണ്ടൂർ, ഉണ്ണിക്കൃഷ്ണൻ മാടമന, എം.കെ.രാമചന്ദ്രൻ, എസ്. വിനോദ്കുമാർ, ആനന്ദവല്ലി ഹരിശ്ചന്ദ്രൻ, ഡോ.കെ.കെ. ബീന, ഡോ.വി. രമാദേവി എന്നിവരായിരുന്നു ഗുരുക്കന്മാർ. പുലർച്ചെ ആരംഭിച്ച വിദ്യാരംഭം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സമാപിച്ചത്.
ദീപാരാധനയ്ക്കുശേഷം ദേവിയുടെ പ്രധാന വഴിപാടായ കഷായനിവേദ്യം സ്വീകരിക്കാൻ നിരവധി ഭക്തർ എത്തിയിരുന്നു. ദർശനത്തിനുശേഷം ചുറ്റമ്പലത്തിനകത്ത് ക്ഷേത്ര ചുവരിനോട് ചേർന്നുള്ള മണ്ണിൽ കുട്ടികളും മുതിർന്നവരും ‘ഹരിശ്രീ ഗണപതയേ’ കുറിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ, ദേവസ്വം ബോർഡ് കമ്മിഷണർ പി.എസ്. പ്രകാശ് എന്നിവർ ക്ഷേത്രത്തിൽ എത്തിയിരുന്നു.