കൊച്ചി: പത്തു രൂപയ്ക്ക് 700, 100 ന് 7000, 200 ന് 14000.... ഭാഗ്യ പരീക്ഷണത്തിന് എത്തുന്നവരുടെ എണ്ണം കൂടിയതോടെ പശ്ചിമകൊച്ചിയിൽ പ്രതിദിനം നിരവധി കോട്ടൺ കളി ചൂതാട്ട സംഘങ്ങൾ പൊട്ടിമുളയ്ക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പള്ളുരുത്തി തങ്ങൾ നഗർ പ്രദേശത്തു മാത്രം തുടങ്ങിയത് ഏഴോളം ചൂതാട്ട സംഘങ്ങളാണ്. പശ്ചിമകൊച്ചിയിൽ പള്ളുരുത്തി, കുമ്പളങ്ങി, ഇടക്കൊച്ചി, ചെല്ലാനം, തോപ്പുംപടി മേഖലകളിൽ സംഘങ്ങൾ സജീവമാണ്. യാതൊരു നികുതിയും നൽകാതെയുള്ള ചൂതാട്ടം ലോട്ടറി കച്ചവടത്തെ സാരമായി ബാധിക്കുന്നു.
കൊവിഡ് കാലം മുതൽ സജീവമായ നിയമവിരുദ്ധ ചൂതാട്ടത്തിനെതിരെ നടപടിയെടുക്കാതെ മുഖം തിരിഞ്ഞു നിൽക്കുകയാണ് പൊലീസ്. കനത്ത തുക കൈക്കൂലിയായി പൊലീസ് വാങ്ങുന്നതായും ആരോപണമുണ്ട്. കൊവിഡ് കാലത്ത് ലോട്ടറി വില്പന നിർത്തിവെച്ചതോടെ എഴുത്തുലോട്ടറി കച്ചവടം നടക്കാതെയായി, ഈ സമയത്താണ് കോട്ടൺ കളി വീണ്ടും പച്ച പിടിച്ചത്. സാമ്പത്തിക ബാദ്ധ്യത മൂലം കൂടുതൽ കടകൾ കോട്ടൺ കളിക്ക് ഇടമായി മാറുകയും ചെയ്തു.

 100 ക്ക് 15 കൊള്ളലാഭം

കോട്ടൺ കളി നടക്കുന്ന കടയിലെത്തി രണ്ടക്ക നമ്പർ ഏതെങ്കിലും എഴുതി നൽകി പണം അടയ്ക്കണം. 10 രൂപ മുതൽ 1000 രൂപ വരെ തുക അടയ്ക്കാം. ചീട്ടെടുക്കുമ്പോൾ എഴുതിക്കൊടുത്ത നമ്പർ വന്നാൽ 10 രൂപ നൽകിയ ആൾക്ക് 700 രൂപയാണ് കിട്ടുക. 500 രൂപയ്ക്ക് വരെ കളിക്കുന്നവരുണ്ട്. 40 ചീട്ടിനാണ് കളി നടക്കുക.
കോട്ടൺ കളിയെ നിയന്ത്രിക്കുന്നത് ഒരേ സംഘങ്ങളാണെങ്കിലും, നറുക്കെടുപ്പ് നടക്കുന്നത് ഓരോ കടയും കേന്ദ്രീകരിച്ച് വെവ്വേറെയാണ്. വൈകിട്ട് നാലു മണി മുതൽ ഏഴു വരെയുള്ള സമയത്ത് അതത് കടകളിൽ ചീട്ടെടുക്കുന്നതാണ് രീതി. ഏജന്റുമാരാണ് കളി നിയന്ത്രിക്കുന്നത്.ഇവ നടത്തുന്ന കടക്കാർക്ക് 30 ശതമാനം വരെ കമ്മിഷനാണ് ലഭിക്കുന്നത്. 100 രൂപയ്ക്ക് 15 രൂപ എന്ന രീതിയിലാണ് ലാഭം കൊയ്യുന്നത്. 50000 രൂപ വരെ ലഭിക്കുന്ന കടകളുണ്ട്.

 പരാതി
നൽകിയിട്ടും ഫലമില്ല

നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പരാതി ഉയരുമ്പോൾ കുറച്ചുനാളത്തേക്ക് പൊലീസ് പരിശോധനകൾ നടത്തും. ഇതോടെ സംഘങ്ങൾ കളി അവസാനിപ്പിക്കും. പിന്നീട് ശ്രദ്ധ തിരിയുന്നതോടെ കളി തുടരുകയുമാണ് ചെയ്യുന്നത്.
വിപിൻ
പള്ളുരുത്തി നിവാസി