കൊച്ചി: മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്കിന് ചുമട്ടു തൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്നും സ്ഥാപനമുടമയ്ക്ക് വൈദഗ്ദ്ധ്യമുള്ള സ്വന്തം ജീവനക്കാരെ നിയോഗിക്കാനാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്കിന് സ്വന്തം ജീവനക്കാരെ നിയോഗിക്കുന്നതിന് പൊലീസ് സംരക്ഷണംതേടി ആലപ്പുഴ സ്വദേശി ആർ. ബാലകൃഷ്ണൻ, എറണാകുളം സ്വദേശികളായ കൃഷ്‌ണകുമാർ, എം.എസ്. സതീഷ് എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

എളുപ്പം പൊട്ടുന്നതും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമാണെന്ന് നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ ഇത്തരം ഉത്പന്നങ്ങൾ കയറ്റിയിറക്കാൻ ചുമട്ടുതൊഴിലാളികളെ നിയോഗിക്കേണ്ടതില്ലെന്നാണ് സിംഗിൾബെഞ്ച് വ്യക്തമാക്കിയത്. എന്നാൽ ഹർജിക്കാരുടെ സ്ഥാപനങ്ങളിലെ മറ്റുത്പന്നങ്ങളുടെ കയറ്റിയിറക്കിന് ചുമട്ടുതൊഴിലാളികളെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാർക്ക് സ്വന്തം ജീവനക്കാരെ നിയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിയിറക്ക് നടത്താൻ പൊലീസ് സംരക്ഷണം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. എളുപ്പം തകരുന്ന ഉപകരണങ്ങളെചുമട്ടുതൊഴിലാളി നിയമത്തിൽ 2008ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഉത്പന്നങ്ങൾ എളുപ്പം തകരുന്നതാണോയെന്ന പേരിൽ പലപ്പോഴും തർക്കമുണ്ടാകുന്നുണ്ട്. മികച്ച രീതിയിൽ പായ്ക്കുചെയ്തുവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ എളുപ്പം തകരില്ലെന്നും ആനിലയ്ക്ക് ചുമട്ടു തൊഴിലാളികളെ നിയോഗിക്കാമെന്നുമായിരുന്നു ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ വാദം. ഇൗ വാദം ഹൈക്കോടതി തള്ളി.